thumbnail

ആറളം വന്യജീവി സങ്കേതത്തിലെ ട്രെക്കിങ്ങ്

ആറളം വന്യജീവി സങ്കേതത്തിലെ ട്രെക്കിങ്ങ്

ആറളം വന്യജീവി സങ്കേതത്തിലെ ട്രെക്കിങ്ങ്

ആറളം വന്യജീവി

Introduction

സഞ്ചാരി Team
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തു സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതമാണ് കണ്ണൂർ ജില്ലയിലെ ആറളം. 55 സ്ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന ഈ വന്യജീവി സങ്കേതം രൂപീകൃതമായത് 1984 ൽ ആണ്. വടക്കു കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവുമായും കിഴക്ക് വയനാട്, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളുമായും തെക്കു ചീങ്കണ്ണി പുഴയുമായും പടിഞ്ഞാറു ആറളം ഫാമുമായും ആറളം അതിർത്തി പങ്കിടുന്നു (കേരളത്തിലെ ഇരുപത്തി മൂന്നാമത്തെ വന്യജീവി സങ്കേതമായ കൊട്ടിയൂർ വന്യജീവി സങ്കേതം 2011 ആണ് നിലവിൽ വന്നത്).
July 25 ചൊവ്വായ്ച്ച 4 മണിക്കാണ് ഞാനും അഫ്സലും വഴിയിൽ നിന്ന് കണ്ടുമുട്ടിയ സഹചാരികളും അടങ്ങുന്ന സംഘം അവിടെ എത്തിചേർന്നത്.ഞങ്ങൾ ഒരു 14 പേരെ അവിടെ എത്തിയിരുന്നുള്ളൂ. ബാക്കി എല്ലാവരും എത്തിചേരുന്നതെ ഉണ്ടായിരുന്നുള്ളൂ.അവിടെ എത്തിയപ്പോൾ തന്നെ അടുത്തുകൂടി ഒഴുകുന്ന ചീങ്കണ്ണി പുഴയുടെ കളകളാരവം എല്ലാവരെയും ആകർഷികുന്നതായിരുന്നൂ. ബാഗും മറ്റും തമസത്തിനായി തയാറാക്കിയ സ്ഥലത്ത് വെച്ച് , മുണ്ടും എടുത്ത് കുളിക്കാനായി നീങ്ങി
ചീങ്കണ്ണി പുഴയിൽ നന്നായി ഒരു കുളി അത് ഇതുവരെ പേറിയ യാത്രാ ക്ഷീണത്തെ ആകെ ഇല്ലായ്മ ചെയ്തൂ

മൂന്ന് ഭാഗവും ആറുകളാൽ ചുറ്റപ്പെട്ട പ്രദേശമായത് കൊണ്ടാണത്രേ ആറളം എന്ന പേര് ഈ നാടിന് വന്നത്.വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്കിനാല്‍ ഫലഭൂയിഷ്ഠമായ മനോഹര ഭൂപ്രദേശമാണിത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ ചെറുതും വലുതുമായ നിരവധി അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
Camp മെമ്പർമാർ പലരും എത്തിചെർന്നത് രാത്രയിലാണ്.

40 പേര്‍ക്കുള്ള ഡോര്‍മെട്രിയിലാണ് തമസമൊരുക്കിയിരുന്നത്. 
ആറളത്തിന്റെ പ്രത്യേകതയെക്കുറിച്ചും മറ്റും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രാത്രി 8 മണിക്ക് ഒരു ക്ലാസിലൂടെ പറഞ്ഞുതന്നു. കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധമായവെള്ളം ലഭിക്കുന്ന ജലാശയങ്ങളില്‍ ഒന്നാണ് ചീങ്കണ്ണിപ്പുഴ. മറ്റു കാടുകളില്‍നിന്നു ആറളത്തെ വ്യത്യസ്തമാക്കുന്ന ഒട്ടനേകം കാര്യങ്ങള്‍ വിവരിച്ചു. 
രണ്ടാം തവണയാണ് ഞാൻ കാട്ടിനുള്ളില്‍ താമസിക്കുന്നത്. ഹൃസ്വമായ ആ ക്ലാസ് ഭക്ഷണത്തിനായി പിരിഞ്ഞു ഭക്ഷണവുമായി നാല്‍വര്‍സംഘമെത്തി. ചിക്കനും പപ്പടവും ചോറും കറിയും ഉപ്പേരിയും തൈരും അടക്കം‌ അത്യുഗ്രന്‍ ഭക്ഷണമായിരുന്നു ഞങ്ങള്‍ക്കായി തയാറാക്കിയത്. അതിന്റെ രുചി വേറിട്ടതായിരുന്നു. എല്ലാവരും നന്നായി കഴിച്ചു. നേരം 9 മണിയായിരിക്കുന്നു. ക്ലാസ് വീണ്ടും തുടർന്നൂ. ക്ലാസിനു ശേഷം എല്ലാവരും സ്വയം പരിചയപ്പെടുത്തൽ ആയിരുന്നു. കുറെ സഹചാരികൾ അവരുടെ യാത്രാനുഭവങ്ങൾ പങ്കുവെച്ചൂ.
ആരും ഉറങ്ങാന്‍ ഒരുക്കമല്ലാത്ത പോലെ.
കാട്ടിനുള്ളില്‍ രാത്രി പുറത്തിറങ്ങി നിന്നാല്‍ പറക്കുംപാമ്പിന്റെ വിഷമേല്‍ക്കാം.
സൊറപറച്ചില്‍ റൂമിനകത്തേക്ക് മാറ്റി. എപ്പോഴായാണ് ഉറങ്ങിയത്, ഓര്‍ക്കുന്നില്ല, ഏറെ വൈകിയാണെന്നറിയാം.

ആറു മണിയോടെ എഴുന്നേറ്റു. 
പ്രാഥമിക കര്‍മങ്ങളും കഴിഞ്ഞ് ഏഴ് മണിയോടെ കുളിക്കാനായി ചീങ്കണ്ണിപ്പുഴയിലേക്ക് സംഘമായി നീങ്ങി. 
ഹോ..എന്തൊരു നല്ല വെള്ളം.
ഒച്ചവച്ച് തണുത്തവെള്ളത്തില്‍ ദീര്‍ഘനേരം നീരാടി. കുളി കഴിഞ്ഞ്ചായ കുടിക്കാനായി Base കാംപിലെക് നീങ്ങി. നല്ല പുട്ടും കടലയും തയാറാണ് എല്ലാവരും ആസ്വദിച്ച് കഴിച്ചൂ.

എല്ലാവരും ഉൾ കാട്ടിലേക് പോകാൻ തയാറായി. 8 KM ഉള്ളിലായുള്ള ഒരു വാച്ച് ടവറിലെക്കാണ് യാത്ര. യാത്ര ആരംഭിച്ചൂ.യാത്രയിൽ ആദ്യം കാണുന്നത് നാലഞ്ച് പേരുടെ ജീവനെടുത്ത ചുള്ളി കൊമ്പൻ എന്ന ഒരു ആനയെ ആണ് അതിനെ മഴക്കു വെടിവെച്ച് കൂട്ടിൽ തളച്ചിരിക്കുന്നൂ. CCTV ഉണ്ടെന്ന് തലേന്നത്തെ ക്ലാസിൽ പറഞ്ഞതിനാൽ ആരും ഫോട്ടോ എടുത്തില്ല കാനന വഴിയിൽ അട്ടകളുടെ ഒരു സ്വീകരണങ്ങൾ തന്നെയായിരുന്നു. അവർക്ക് പുതിയ അഥിതികളെ കിട്ടിയതല്ലേ. കടിച്ചവയെ എടുത്ത് മാറ്റാനൊന്നും ഞാൻ ശ്രമിച്ചില്ല അങ്ങിനെ എന്റെ ആദ്യ രക്തദാനം അവിടെ തുടക്കമായി.
കാട്ടിനുള്ളില്‍ ചുവപ്പ് വസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ പാടില്ലത്രെ. . ഞങ്ങളോടൊപ്പം രണ്ട് ഫോറസ്റ്റ് ഗാർഡുകൾ ഉണ്ടായിരുന്നൂ
യാത്രയ്ക്കിടയില്‍ Forest ഉദ്യോഗസ്ഥർ കാട്ടിലെ മൃഗങ്ങളെക്കുറിച്ച് ഞങ്ങള്‍ക്കു പറഞ്ഞുതന്നു. ആന വരുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും അതില്‍ ഉള്‍പ്പെട്ടിരുന്നു. 
വളരെ വ്യത്യസ്തമായ കാഴ്ചയാണ് കാട്ടിനുള്ളില്‍. വിവിധ തരത്തിലുള്ള മരങ്ങള്‍. ഒക്കെ നേരില്‍ കണ്ടു തന്നെ ആസ്വദിക്കണം അത്രയും മനോഹരം. കണ്ണിന് കുളിര്‍മയേകുന്ന അരുവികള്‍. മനോഹരം തന്നെ കാട്ടിനുള്ളിലായത് കൊണ്ട് വെള്ളത്തിനുമുണ്ട് അതിന്റെയൊരു മനോഹാരിത. കുറേനേരം അവിടെ ചെലവഴിച്ചിട്ടും മതിവന്നില്ല. കുറെ അധികം നടത്തത്തിന് ഒടുവിലായി യാത്ര ലക്ഷ്യസ്ഥാ നത്ത് എത്തി. വാച്ച് ടവറിൽ വലിഞ്ഞുകയറി. ആദ്യം തന്നെ നല്ല ഉയരത്തിൽ ആയത് കൊണ്ട് തന്നെ വ്യത്യസ്ഥമായ ഒരു കാനന കാഴ്ച്ച അവിടം പ്രാധാന്യം ചെയ്തൂ. അവിടം കണ്ട് തിരിച്ചിറങ്ങി കുറച്ച് സമയം വിശ്രമിച്ചു. ഇനി തിരിച്ച് നടക്കണം കുറച്ചൊന്നുമല്ല 8 Km
യാത്ര വീണ്ടും ആരംഭിച്ചൂ. നടന്നതത്രയും തിരിച്ച് മഴ തകർത്ത് പെയ്ത് കൊണ്ടിരുന്നൂ തിരിച്ച് Base Campൽ എത്തിയപ്പോൾ 3 മണി ആയിക്കാണും ചീങ്കണ്ണിയെ ഒരിക്കൽ കൂടി അടുത്തറിഞ്ഞൂ മതിമറിഞ്ഞ് നീരാടി

കുളികഴിഞ്ഞ് സുഭിക്ഷമായ ഭക്ഷണം നല്ല നാടൻ സാമ്പാറും മറ്റു വിഭവങ്ങളും കൂട്ടി ഒരു ഊണ് എല്ലാവരും പരസ്പരം യാത്ര പറഞ്ഞ് തിരിച്ചിറങ്ങി ഇനി എന്നെന്നറിയാത യാത്ര.
വീണ്ടും പോണം പോകാതിരിക്കാൻ കഴിയില്ല. അത്ര അധികം സുന്ദരമാണ് ആ കാട്. അവിടം നൽകിയ അറിവും അനുഭവവും.
Editorial Sources: Shabeeb Kuruppanthodi. Author : Shabeeb Kuruppanthodi

ആറളം വന്യജീവി സങ്കേതത്തിലെ ട്രെക്കിങ്ങ്

©സഞ്ചാരി
thumbnail

നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും കടന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്

നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും കടന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്

നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും കടന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്

സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്

Introduction

സഞ്ചാരി Team
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവാണ് ലഡാക്കിലേക്കു സന്ദർശകർക്ക് പോകാനായി അനുമതിയുള്ളത്. ഒക്ടോബര്‍പകുതിയോടുകൂടി കനത്ത മഞ്ഞ് വീഴ്ച ആരംഭിക്കുകയും റോഡ് ഗതാതയോഗ്യമല്ലാതാകുകയും ചെയ്യും. Delhi വരെ ഫ്ലൈറ്റിൽ പോകാനും അവിടെ നിന്നും മണാലി വരെ ടാക്സിയിൽ പോകാനും മണാലിയിൽ നിന്നും ബൈക്ക് rent നു എടുത്തു അവിടെ നിന്നും ലഡാക്കിലെക്കുള്ള യാത്ര ബൈക്കിൽ പോകാമെന്നും തീരുമാനിച്ചു . വളരെ adventurous ആയ റൈഡ് ആയതുകൊണ്ട് പുതിയ ബൈക്ക് കിട്ടാനായി മണാലിയിലുള്ള കുറെ ബൈക്ക് റെന്റൽ ഷോപ്പ് കളുടെ നമ്പർ സെർച്ച് ചെയ്തു അവരെ കോണ്ടാക്ട് ചെയ്തു ഞങ്ങൾ എത്തുന്ന സമയവും മറ്റും ഷെയർ ചെയ്തു. ബൈക്ക് നേരിട്ട് കണ്ടതിനു ഷേശം ഡീൽ ഉറപ്പിക്കാമെന്ന ധാരണയിലുമെത്തി.

കുറഞ്ഞത് 6 - 7 ദിവസമെങ്കിലും മണാലിയിൽ നിന്നും ലഡാക് വരെ ബൈക്കിൽ പോയിവരുന്നതിനു വേണ്ടി വരുമെന്നുള്ളതുകൊണ്ടു നമ്മൾ 7 ദിവസത്തെ ബൈക്ക് ട്രാവൽ ആണ് പ്ലാൻ ചെയ്തത്. മണ്ണിടിച്ചിലും മഞ്ഞിടിച്ചിലും കാരണം പലപ്പോഴും റോഡിൽ ഗതാഗത തടസം ഉണ്ടാവാൻ സാധ്യതയുള്ളത് കണക്കിലെടുത്തു ഒന്നോ രണ്ടോ ദിവസം അധികം ഇട്ടുവേണം ട്രാവൽ പ്ലാൻ ചെയ്യാൻ എന്ന് നേരത്തെ തന്നെ ഞങ്ങൾ ഓൺലൈൻ ബ്ലോഗ് കളിൽനിന്നും മനസിലാക്കിയിരുന്നു. വിശദമായ ഒരു ട്രാവൽ പ്ലാൻ ഉണ്ടാക്കി. എല്ലാം കൂടെ 9 ഡേയ്സ് പ്ലാൻ.

Delhi വരെ പോകുന്നതിനും അവിടെ നിന്നും തിരിച്ചു Trivandrum വരെ വരുന്നതിനുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് ആദ്യമേ ബുക്ക് ചെയ്തു. ഞങ്ങൾ 6 പേർ അടങ്ങുന്ന ഗ്രൂപ്പിനു വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.

2016 ഓഗസ്റ്റ് 19. യാത്ര പുറപ്പെടാനുള്ള ദിവസമെത്തി. എല്ലാവരും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം പാക്ക് ചെയ്തു Trivandrum എയർപോർട്ടിൽ ഒത്തുകൂടി. ഫ്ലൈറ്റ് ഓൺടൈമിൽ തന്നെ ഡൽഹിയിലെത്തി. അതിരാവിലെയാണ് ഡൽഹിയിൽ എത്തിയത്. അവിടെനിന്നും പ്രഭാത ഭക്ഷണമൊക്കെ കഴിച്ചു ഞങ്ങൾ ഒരു ടാക്സിയിൽ മണാലിയിലേക്കുള്ള യാത്ര തുടർന്നു. ഡൽഹിയിൽ നിന്നും മണാലി വരെ 580 കിലോമീറ്റർ ദൂരമുണ്ട്. കുറഞ്ഞത് 12 മുതൽ 14 മണിക്കൂർ വരെ നീണ്ട യാത്രയാണ് ഡൽഹിയിൽ നിന്നും മണാലിയിലേക്കു. പോകുന്ന വഴിക്കുള്ള നല്ലൊരു പഞ്ചാബി ധാബയിൽ നിന്നും പഞ്ചാബി സ്പെഷ്യൽ വിഭവങ്ങൾ കഴിച്ചു. ഏകദേശം 9 മണിയോട് കൂടി ഞങ്ങൾ മണാലിയിൽ എത്തി. നല്ല തണുപ്പുണ്ട്. ടൗണിൽ തന്നെ നല്ലൊരു ഹോട്ടൽ താമസത്തിനായി കണ്ടുപിടിച്ചു. എല്ലാവർക്കും യാത്രക്ഷീണമുള്ളതുകൊണ്ടു പെട്ടെന്നുതന്നെ വിശ്രമത്തിനായി പോയി.

എല്ലാവർക്കും രാവിലെതന്നെ എഴുന്നേറ്റു യാത്ര തുടങ്ങാനുള്ള തയാറെടുപ്പിലാണ്. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു നേരെ ബൈക്ക് റെന്റൽ ഷോപ്പുകളിലേക്കു പോയി. 6 പേർക്ക് യാത്രചെയ്യാനായി 3 ബുള്ളറ്റ് ആണ് വേണ്ടിയിരുന്നത്. അധികം പഴക്കമില്ലാത്ത ബൈക്കുകൾ മാത്രമേ റൈഡിനു എടുക്കാവൂ എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2-3 ഷോപ്പുകളിൽ പോയപ്പോൾ തന്നെ നമുക്കിഷ്ടപ്പെട്ട ബുള്ളറ്റ് കിട്ടി.എല്ലാം പുതിയ ബൈക്കകൾ. പഴക്കം ഒരു മാസത്തിനുള്ളിൽ മാത്രം. ഡീൽ ഉറപ്പിച്ചതിനു ശേഷം നേരെ ഒരു മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ബുള്ളറ്റ് എല്ലാം കാണിച്ചു പാർട്സ് എല്ലാം കണ്ടിഷൻ ആണെന്നുറപ്പുവരുത്തി. 3 ബൈക്കിനും വേണ്ട അത്യാവശ്യ spare parts ബൈക്ക് rental ഷോപ് തന്നെ നമുക്ക് തരും. എങ്ങനെയാണ് അത് ഉപഗോഗിക്കേണ്ടത് എന്നും പറഞ്ഞുതന്നു. ലഡാക്കിലേക്കു പോകാനുള്ള സന്ദർശന പാസ്സും ബൈക്ക് റെന്റൽ ഷോപ്പ് തന്നെ നമുക്ക് ശെരിയാക്കിത്തന്നു. എല്ലാ ബൈക്കിനും പുറകിൽ രണ്ടു വശങ്ങളിലുമായി luggage carrier ഉണ്ട്. നമ്മുടെ luggage bag എല്ലാം ഭദ്രമായി നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ കവർ ചെയ്തു luggage carrier ൽ നന്നായി വച്ചുകെട്ടി. ചെളിയും കല്ലും നിറഞ്ഞ ഒരുപാട് off road ഉള്ളതുകൊണ്ട് luggage bag നന്നായി കവർ ചെയ്യുകയും കെട്ടിവയ്ക്കുകയും വേണം.

മണാലിയിൽ നിന്നും ലഡാക് വരെ 475കിലോമീറ്റർ ദൂരമുണ്ട്. പകുതിയിലധികവും off റോഡുകളാണ്. മണാലിയിൽ നിന്നും 115 കിലോമീറ്റർ കഴിഞ്ഞുള്ള കീലോങ് എന്നുള്ള സ്ഥലം എത്തുന്നതിനു മുൻപുള്ള പെട്രോൾ സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ അടുത്ത പെട്രോൾ സ്റ്റേഷൻ 360 കിലോമീറ്റർ കഴിഞ്ഞേ ഉള്ളു. അതുകൊണ്ടു ഞങ്ങൾ മണാലിയിൽ നിന്ന് തന്നെ എല്ലാ ബുള്ളെറ്റിലും ഫുൾ ടാങ്ക് പെട്രോൾ നിറക്കുകയും അഡിഷണൽ ക്യാനുകളിൽ പെട്രോൾ വാങ്ങി ഓരോ ബൈക്കിലും സ്റ്റോക്ക് ചെയ്യുകയും ചെയ്തു.

മണാലിയിൽ നിന്നും ഉച്ചക്ക് മുൻപേ യാത്ര തുടങ്ങി 115 കിലോമീറ്റർ കഴിഞ്ഞുള്ള കീലോങ് എന്നുള്ള സ്ഥലത്തു വൈകുന്നേരത്തോടു കൂടി എത്തി അന്നത്തെ താമസസ്ഥലം കണ്ടെത്താനായിരുന്നു നമ്മുടെ പ്ലാൻ. പക്ഷേ പോകുന്ന വഴിക്കുള്ള Rohtang pass എത്തുന്നതിനുമുമ്പേ മണ്ണിടിച്ചിൽ കാരണം ട്രാഫിക് ബ്ലോക്ക് ആണെന്നറിഞ്ഞതുകൊണ്ടു നമ്മൾ യാത്ര വൈകിപ്പിച്ചു. മണാലിയിൽ തന്നെയുള്ള അതിപുരാതന കാലത്തു നിർമ്മിച്ച Hidimba Devi Temple (built in the year 1553) സന്ദർശിക്കാനായി പുറപ്പെട്ടു. cedar forest നാൽ ചുറ്റപ്പെട്ട structure ൽ ധാരാളം പ്രത്യേകതകൾ നിറഞ്ഞ Hidimba Devi Temple ളിൽ ഞങ്ങൾ എത്തി. ഒരുപാട് സന്ദർശകർ അവിടെ ഉണ്ടായിരുന്നു. കുറച്ചു സമയത്തിനുശേഷം മണാലിയിൽ തിരിച്ചെത്തിയ ഞങ്ങൾ അവിടെ ഉണ്ടായിരുന്ന Himachal Pradesh Tourism Development Corporation ന്റെ ഓഫീസിൽ എത്തി കീലോങ്ങിൽ ഉള്ള അവരുടെ ഹോട്ടൽ Chandrabhaga യിൽ റൂം ബുക്ക് ചെയ്തു. കുറച്ചുനേരം മണാലി സിറ്റിയിലൂടെ കറങ്ങി നടന്നു. ധാരാളം ടൂറിസ്റ്റുകളാലും കച്ചവടക്കാരാലും നിറഞ്ഞ സിറ്റി.

ഏകദേശം 5 മണിയോട് കൂടി യാത്ര ആരംഭിച്ചു. എല്ലാവർക്കും എന്തെന്നില്ലാത്ത സന്തോഷവും ആവേശവും. 15 കിലോമീറ്റെർ കഴിഞ്ഞപ്പോൾ പോലീസ് ചെക്‌പോസ്റ്റ്. നമ്മുടെ പാസ്സ് അവിടെ കാണിച്ചപ്പോൾ പോകാൻ അനുവദിച്ചു. പോകുന്ന വഴിയിൽ ഒരുപാട് ചരക്കു ലോറികൾ. വലിയൊരു ട്രാഫിക് ബ്ലോക്ക് മാറിയതല്ലേ ഉള്ളു. ഇടുങ്ങിയ റോഡുകളിലൂടെ വർടേക്കിങ് ബുദ്ധിമുട്ടാണ്. പക്ഷേ എല്ലാ ലോറികളും കുറച്ചു വീതിയുള്ള പാതകൾ എത്തുമ്പോൾ നമുക്ക് കയറിപോകാനുള്ള അവസരം തന്നു. ഇടുങ്ങിയപാതകൾ ആയതുകൊണ്ട് തന്നെ വളരെ പതുക്കെയേ പോകാൻ പറ്റൂ. മാത്രവുമല്ല റോഡ് പല സ്ഥലങ്ങളിലും തകർന്നുകിടക്കുകയുമാണ്. നേരം ഇരുട്ടി വരുന്നു. തണുപ്പും കൂടി വരുന്നു. മലകൾ കയറിക്കൊണ്ടേയിരിക്കുന്നു. മണാലിയിൽ നിന്നും ഏകദേശം 50 കിലോമീറ്റെർ അകലെയുള്ള Rohtang pass എത്താറായി. സമയം ഏകദേശം 7 മണി കഴിഞ്ഞപ്പോൾ നമ്മൾ Rohtang pass എത്തിക്കാണും. 13058 feet ഉയരത്തിൽ ആണ് നമ്മൾ ഇപ്പോൾ. നല്ല മഞ്ഞും തണുപ്പും ആണ് ഇപ്പോൾ ഇവിടെ. മഞ്ഞു മൂടിയ വളരെ മനോഹരമായ ഒരു പർവ്വതമാണ് Rohtang pass. Jab We Met എന്ന ഹിന്ദി ചിത്രത്തിലെ Yeh Ishq Hai എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചിരിക്കുന്നത് Rohtang pass ലാണ്. Rohtang pass കഴിഞ്ഞപ്പോൾ റോഡ് മോശമായി തുടങ്ങി. ചെളി നിറഞ്ഞ റോഡിൽ പല സ്ഥലത്തും ബൈക്കിൽ പുറകിൽ ഇരിക്കുന്നവർ ഇറങ്ങി നടക്കേണ്ടിവന്നു. ഏകദേശം 8 മണിയോടുകൂടി ഞങ്ങൾ Gramphu എന്ന സ്ഥലത്തു എത്തി. അവിടെ പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്.

ലോറികൾ എല്ലാം ചെക്ക് പോസ്റ്റിൽ നിർത്തിയിരിക്കുന്നു. അവിടെ കുറച്ചു ഹോട്ടലുകൾ ഉണ്ട്. ഇനി ഭക്ഷണത്തിനായി കീലോങ്ങിൽ മാത്രമേ നല്ല ഹോട്ടലുകളും കടകളും ഉള്ളു. ഞങ്ങൾ അവിടെയുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. തണുപ്പിൽ നിന്നും കുറച്ചൊരു ആശ്വാസവും കിട്ടി. ഭക്ഷണത്തിനുശേഷം യാത്ര തുടർന്നു. കീലോങ് എത്താൻ ഇനിയും 50 കിലോമീറ്റെറിൽ കൂടുതൽ യാത്ര ചെയ്യേണ്ടതുണ്ട്. യാത്ര തുടങ്ങാറായപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. 3 ബൈക്കിന്റെയും spare പാർട്സ് ഒരുമിച്ചാണ് ഒരു ബൈക്കിൽ കെട്ടിവച്ചിരുന്നത്. അത് നഷ്ടപ്പെട്ടിരിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ എങ്ങനെയോ കെട്ടഴിഞ്ഞു അത് നഷ്ടപ്പെട്ടതാണ്. എന്തായാലും തിരിച്ചു പോയി നോക്കുന്നത് പ്രായോഗികമല്ല. അതിപ്പോൾ തന്നെ ചെളിയിൽ പുതഞ്ഞുപോയിട്ടുണ്ടാകും. ഞങ്ങൾ മുന്നോട്ടു തന്നെ പോയി. ഏകദേശം 11 മണി കഴിഞ്ഞപ്പോൾ കീലോങിൽ ഉള്ള ഹോട്ടൽ Chandrabhaga യിൽ എത്തി. എല്ലാവരും തണുത്തു വിറച്ചിരിക്കുന്നു. 6 പേർക്ക് കിടക്കാൻ സൗകര്യമുള്ള നല്ല ഒരു വലിയ റൂം തന്നെ നമുക്കനുവദിച്ചു. എല്ലാപേരും luggage bag ഉം എടുത്തു റൂമിലേക്ക് പോയി. ഫസ്റ്റ് ഡേ റൈഡ് തന്നെ വളരെ exciting ആയ ഒരനുഭവമായിരുന്നു. വിശ്രമത്തിനായി ഞങ്ങൾ ബെഡിലേക്കു പോയി.

രാവിലെ calling ബെൽ കേട്ടാണ് ഉണർന്നത്. Bed Coffee കൊണ്ടുവന്നതാണ്. ചെറിയ തണുപ്പും ജനല്പാളികൾക്കിടയിലൂടെയുള്ള വെളിച്ചവും മുറിയിലേക്കു കയറുന്നുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന മലകൾക്കിടയിലുള്ള കീലോങ് എന്ന സ്ഥലം അതിന്റെ മനോഹാരിത നമുക്ക് കാണിച്ചു തരുന്നു. ഞങ്ങൾ യാത്ര തുടരാനായി തയാറായി. Luggage bag ബൈക്കിൽ നന്നായി വച്ചുകെട്ടി. പ്രഭാതഭക്ഷണത്തിനായി ഒരു ചെറിയ restaurant കണ്ടുപിടിച്ചു ഭക്ഷണം കഴിച്ചു. അവിടെയുള്ള ഒരു spare parts ഷോപ്പിൽ ചെന്നു തലേദിവസം കളഞ്ഞുപോയ spare പാർട്സ് കിറ്റിന്റെ ലിസ്റ്റ് കാണിച്ചു അതെല്ലാം വാങ്ങിച്ചു.നന്നായി തന്നെ അത് ബൈക്കിൽ വച്ച് കെട്ടി. സമയം ഏകദേശം 11 മണിയായി. യാത്ര തുടർന്നു . ഇന്ന് ലഡാക്കിൽ എത്തിച്ചേരുക എന്നുള്ളത് ദുഷ്കരമാണ്. അതുകൊണ്ടു ഇന്നത്തെ നമ്മുടെ ലക്ഷ്യസ്ഥാനം കീലോങിൽ നിന്നും 184 കിലോമീറ്റർ അകലെയുള്ള Pang എന്ന സ്ഥലത്താക്കി. മലനിരകൾക്കിടയിലൂടെയുള്ള ബൈക്ക് റൈഡ് ആസ്വദിച്ചു ഞങ്ങൾ മുന്നോട്ടു പോയി. ഇടയ്ക്കിടയ്ക്ക് മലകളിൽനിന്നുള്ള വെള്ളം റോഡ് മുറിച്ചു കടക്കുന്നുണ്ട്. ബൈക്ക് എല്ലാം ഈ ഒഴുകുന്നവെള്ളച്ചാലുകൾ മുറിച്ചു കടക്കേണ്ടതുണ്ട്. നല്ല തണുത്ത വെള്ളമാണ് ഒഴുകുന്നത്. ചിലസ്ഥലങ്ങളിൽ ഒഴുക്കിനു ചെറിയ ശക്തിയുണ്ട്. ഇന്ന് നമ്മുടെ യാത്ര കടന്നുപോകുന്ന പ്രധാന പ്രധാന സ്ഥലങ്ങൾ Jispa – Darcha – Zingzingbar – Baralacha La – Bharatpur – Sarchu – Gata Loops – Nakee La – Lachulung La ആണ്. ഇവിടെയൊക്കെ ഞങ്ങൾ 5 -10 മിനിറ്റ് ഒരു ബ്രേക്ക് എടുക്കും. പല സ്ഥലങ്ങളിലും ഇരുമ്പു ബ്രിഡ്ജിൽകൂടെ ഞങ്ങൾ കടന്നുപോയി. ഒരുപാടു ടൂറിസ്റ്റുകൾ ചെറിയ കൂട്ടമായും വലിയ കൂട്ടമായും അങ്ങോട്ടും ഇങ്ങോട്ടും ബൈക്കിൽ യാത്ര ചെയ്യുന്നുണ്ട്. കടന്നുപോകുമ്പോൾ എല്ലാവരും പരസ്‌പരം അങ്ങോട്ടും ഇങ്ങോട്ടും കൈ വീശികാണിച്ചു യാത്രക്കുള്ള പ്രോത്സാഹനം നൽകുന്നുണ്ട്. നല്ല പാതകളുടെയും ദുഷ്കരം പിടിച്ച പാതകളുടെയും ഒരു സമ്മിശ്രമായിരുന്നു Pang ലേക്കുള്ള യാത്ര. നേരം ഇരുട്ടി വരുന്നു. തണുത്ത കാറ്റും നന്നായി വീശുന്നുണ്ട്. Nakee La – Lachulung La മലകളിലൂടെയുള്ള യാത്ര നന്നായി ആസ്വദിച്ചു ഏകദേശം 7 മണിയോട് കൂടി ഞങ്ങൾ 15280 feet ഉയരത്തിലുള്ള Pang എന്ന കൊച്ചു ഗ്രാമത്തിൽ എത്തി. ഒരുപാട് ടെൻഡുകൾ സഞ്ചാരികൾക്കായി തയാറാക്കിയിട്ടുണ്ട് അവിടെ. കാഴ്ചയിൽ ടെൻഡുകൾ എല്ലാം ഒരുപോലെ തന്നെയാണ്. ഒരു ടെൻഡിൽ ഞങ്ങൾ കയറി. തണുത്തുവിറച്ചിരിക്കുന്ന ഞങ്ങൾ അവിടെ ചൂടാക്കി വച്ചിരിക്കുന്ന ഇരുമ്പു പാട്ടകൾക്ക് ചുറ്റും ഇരുന്നു. ടെന്റിന്റെ ഉടമ നമുക്കാവശ്യമുള്ള ഭക്ഷണം പാകം ചെയ്തു തന്നു. നല്ല കട്ടിയുള്ള ബ്ലാങ്കറ്റും ബെഡും നമുക്ക് അവിടെനിന്നും കിട്ടി. ഭക്ഷണത്തിനുശേഷം ഞങ്ങൾ വിശ്രമത്തിലേക്കു പോയി.

അടുത്തദിവസം രാവിലെതന്നെ ഞങ്ങൾ ഉണർന്നു യാത്രക്കായി തയാറായി. മലനിരകൾക്കിടയിലുള്ള Pang എന്ന കൊച്ചു ഗ്രാമത്തിന് ഒരു പ്രത്യേക സൗന്ദര്യം തന്നെയായിരുന്നു. ഇനി Ladhakh എത്തുന്നതുവരെ മനോഹരമായ പാതകളിലൂടെയാണ് യാത്രചെയ്യാനുള്ളതെന്നു അറിയാൻ കഴിഞ്ഞു. ഏകദേശം 175 കിലോമീറ്റർ യാത്ര ചെയ്തുവേണം Leh യിൽ എത്താൻ. പ്രഭാത ഭക്ഷണത്തിനുശേഷം യാത്ര തുടർന്നു. ഇതുവരെയും കാണാത്ത പാതകളിലൂടെയാണ് ഞങ്ങൾ യാത്ര ചെയ്തത്. മലനിരകൾക്കിടയിലൂടെ നോക്കെത്താദൂരത്തേക്കു നീലാകാശവും അതിലെ മേഘക്കൂട്ടങ്ങളും കണ്ടുള്ള യാത്ര. ഇത്രയും മനോഹരമായ പാതകളിലൂടെയുള്ള യാത്ര തികച്ചും ഒരു സ്വർഗീയാനുഭൂതി തന്നെയാണ്. കണ്ണിനും മനസിനും ഒരുപോലെ കുളിർമ തന്ന യാത്രയും നിമിഷങ്ങളുമായിരുന്നു അത്. ശെരിക്കും ഭൂമിയിലെ സ്വർഗ്ഗത്തിലൂടെയുള്ള യാത്ര എന്നുതോന്നിയ നിമിഷങ്ങൾ. യാത്രയിൽ നമ്മൾ 17582 feet ഉയരത്തിലുള്ള Taglang La എന്ന മലമുകളിലെത്തി. ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് ലോകത്തിലെ തന്നെ second highest mountain pass ൽ ആണെന്നുള്ള ബോർഡ് വെച്ചിരിക്കുന്നത് കണ്ടു. ധാരാളം സഞ്ചാരികൾ ആ ബോർഡിന് ചുറ്റും നിന്ന് ഫോട്ടോസ് എടുക്കുന്ന തിരക്കിലാണ്. മനോഹരമായ സ്ഥലം. സമയം 11 മണിയാകുന്നെ ഉള്ളുവെങ്കിലും നല്ല തണുപ്പാണ് ഇപ്പോഴും ഇവിടെ. കുറച്ചു നേരം പ്രകൃതി ഭംഗി ആസ്വദിച്ചു കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം യാത്ര തുടർന്നു. Leh സിറ്റിയിലേക്കുള്ള welcome ബോർഡ് കണ്ടു. റോഡിനോട് ചേർന്ന് മലകൾക്കിടയിലൂടെ ചെറിയ പുഴ ഒഴുകുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. ഒരുപാട് ദൂരം ഈ പുഴയുടെ തീരത്തുകൂടി ചെയ്തു. 12 മണിയോടുകൂടി ഞങ്ങൾ Leh സിറ്റിയിൽ എത്തി. കുറച്ചുസമയം അവിടെ ചിലവഴിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഒരു മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ബൈക്ക് കണ്ടിഷൻ ഒന്നുകൂടെ ചെക്ക് ചെയ്തു യാത്ര തുടർന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ പാസ് ആയ KhardungLa top ലേക്കാണ് ഞങ്ങൾ പോകുന്നത്. 40 കിലോമീറ്റർ ദൂരമുണ്ട് അവിടെ എത്താൻ. 30 കിലോമീറ്റർ ദൂരം നല്ല ടാർ ചെയ്ത റോഡ് ആണ്. ശേഷമുള്ള 10 കിലോമീറ്റർ ദൂരം off road ആണ്. മുന്നോട്ടു പോകുന്തോറും ആകാശത്തിലേക്കുള്ള പാതയാണോയിതെന്നു നമുക്ക് തോന്നും. വൈകുന്നേരം ഞങ്ങൾ Khardung La top ൽ എത്തി. 18380 feet ഉയരത്തിലാണ് നമ്മൾ ഇപ്പോൾ.

Highest Motorable road in the world എന്ന ബോർഡ് കണ്ടു. ഇപ്പോൾ temperature 0 degree യിലോ അതിനു താഴേയോ ആണ്. അസഹനീയമായ തണുപ്പാണ് ഇപ്പോൾ . അവിടെ Indian army യുടെ ഒരു ക്യാമ്പ് കണ്ടു. തണുപ്പിൽ നിന്നും ആശ്വാസം കിട്ടുന്നതിനായി ഞങ്ങൾ Army യുടെ ക്യാമ്പിൽ കയറി. കുറച്ചു പട്ടാളക്കാർ അവിടെയുണ്ട്. തണുത്തു വിറച്ചിരിക്കുന്ന നമുക്ക് കുറച്ചു ചൂടുവെള്ളം കുടിക്കാനായി അവർ നൽകി. ഇത്രയും തണുപ്പിലും നമ്മുടെ രാജ്യത്തിനായി കാവൽ നിൽക്കുന്ന ജവാന്മാരോട് എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവും തോന്നിയ നിമിഷമായിരുന്നു അത്. ഓക്സിജൻ കുറവുള്ള സ്ഥലമായതുകൊണ്ടു 20 മിനിറ്റിൽ കൂടുതൽ അവിടെ നിൽക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നുള്ള മുന്നറിയിപ്പ് ബോർഡ് കണ്ടു. കുറച്ചു ഫോട്ടോസ് എടുത്തതിനുശേഷം ഞങ്ങൾ അവിടെനിന്നും Khardung എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. പിന്നെയും ഒരു ഒരു 10 കിലോമീറ്ററോളം off road ആയതുകൊണ്ട് പതുക്കെയേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ഏകദേശം 8 മണിയോടുകൂടി നമ്മൾ Khardung എന്ന സ്ഥലത്തെത്തി. ഒരു ചെറിയ ഗ്രാമം. കുറച്ചു താമസസ്ഥലങ്ങൾ സഞ്ചാരികൾക്കായി അവിടെയുണ്ട്. അതിൽ ഒന്നിൽ നമ്മൾ നമ്മൾ അന്ന് സ്റ്റേ ചെയ്തു. അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള ചെറിയ ഒരു പ്ലാൻ ഉണ്ടാക്കി. ഭക്ഷണത്തിനു ശേഷം എല്ലാവരും വിശ്രമത്തിനായി പോയി.

രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര തുടങ്ങാനായി എല്ലാവരും തയാറായി. ഇന്നു ഞങ്ങളുടെ ലക്ഷ്യം Nubra Valley വഴി സഞ്ചരിച്ചു Pangong Tso അഥവാ Pangong Lake സന്ദർശനമാണ്. യാത്ര പോകേണ്ടതു Nubra Valley യിലെ Shyok River ൻറെ തീരത്തുകൂടിയാണ്. ഏതൊരു ബൈക്ക് യാത്രികരും ആഗ്രഹിക്കുന്ന തികച്ചും മനോഹരമായ ഒരു adventour യാത്രയാണ് ഇന്നു നമുക്കുള്ളത്. ഒരുപാട് challenges ഉള്ള ധാരാളം off road കിട്ടുന്ന ഒരു യാത്ര. Shyok River ൻറെ തീരത്തുകൂടിയുള്ള യാത്രയുടെ average altitude 10000 feet ആണ്. മലനിരകൾക്കിടയിലൂടെ ഒഴുകുന്ന Shyok River ന്റെ സൗന്ദര്യo ആസ്വദിച്ചു അതിനോട് ചേർന്നുള്ള പാതയിലൂടെയുള്ള യാത്ര വളരെ മനോരാഹരമാണ്. പല സ്ഥലങ്ങളിലും മലമുകളിൽ നിന്നും ചെറുചാലുകളിലൂടെ വെള്ളം Shyok River ൽ ഒഴുകിയെത്തുന്നുണ്ട്. ഈ വെള്ളച്ചാലുകൾ മുറിച്ചുകടന്നാണ്‌യാത്രചെയ്യേണ്ടത്. പകൽ സമയങ്ങളിൽ മലമുകളിലുള്ള മഞ്ഞുരുകി ചെറുചാലുകളിലെ ഒഴുക്കിനു ശക്തി കൂടുമെന്നും ഈ ചെറുചാലുകളൊക്കെയും ഉച്ചക്കു മുൻപേ cross ചെയ്യണമെന്നും നേരത്തെ മനസിലാക്കിയിരുന്നു. പല സ്ഥലങ്ങളിലും നല്ല ഒഴുക്കുമുണ്ട്. യാത്രക്കിടയിൽ പല സ്ഥലങ്ങളിൽ വെച്ചും വിദേശികളും സ്വദേശികളുമായ ധാരാളം സാഹസിക യാത്രികരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഏകദേശം 180 കിലോമീറ്റർ നീണ്ട മനോഹരമായ യാത്രക്കു ശേഷം ഞങ്ങൾ 3 മണിയോടുകൂടി Pangong Lake എത്തി. ധാരാളം സഞ്ചാരികൾ അവിടെ എത്തിയിട്ടുണ്ട്. 3 -idiots സിനിമയുടെ climax ഇവിടെവെച്ചാണ് shoot ചെയ്തിരിക്കുന്നത്. 134 കിലോമീറ്റർ നീളമുള്ള വളരെ മനോഹരമായ ഒരു നദിയാണ് Pangong Lake. ഈ നദിയുടെ 60% ചൈനയിലും 40% ഇന്ത്യയിലുമാണ്. 1 മണിക്കൂറിലേറെ ഞങ്ങൾ അവിടെ ചിലവിട്ടശേഷം 120 കിലോമീറ്റർ അകലെയുള്ള Upsi എന്ന ഗ്രാമത്തിനടുത്തുള്ള Kharu എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്ന് അവിടെ stay ചെയ്യാന് തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ ഉയർന്ന പാസ് ആയ Chang La എന്ന മലയിലൂടെ യാത്ര ചെയ്താണ് നമ്മൾ Kharu എന്ന സ്ഥലത്തെത്തേണ്ടത്. തികച്ചും off road ആയതുകൊണ്ട് വളരെ പതുക്കെയേ യാത്ര ചെയ്യാൻ സാധിക്കുന്നുള്ളു. Chang La യിലെ അപ്പോഴത്തെ temperature -5 degree ആണെന്ന് അറിയാൻ കഴിഞ്ഞു. Chang La യിലെ top എത്തുംതോറും തണുപ്പും വളരെ കൂടിക്കൊണ്ടേയിരിക്കുന്നു. സമയം ഏകദേശം 7 മണിയോളമായി. മഞ്ഞുവീഴ്ചയും കൂടി വരുന്നു. Chang La യിലെ top എത്താറായപ്പോൾ ചെറിയ മഞ്ഞു പാളികൾ നമ്മൾ പോകുന്ന പാതയിൽ വീഴുന്നത്‌കൂടി വന്നു. അസഹനീയമായ തണുപ്പും. എത്രയും പെട്ടെന്നു ഈ മല ഇറങ്ങി താമസസ്ഥലത്തു എത്തിയേ പറ്റൂ. എല്ലാവരും തണുത്തു വിറച്ചിരിക്കുന്നു. ഏകദേശം 9 മണിയായപ്പോൾ ഞങ്ങൾ Chang La cross ചെയ്തു Kharu എന്ന സ്ഥലത്തെത്തി. താമസത്തിനായി നല്ലൊരു ഹോട്ടൽ കണ്ടുപിടിച്ചു.

ഇനിയുള്ളത് മണാലിയിലേക്കു തിരിച്ചുള്ള യാത്രയാണ്. ഇങ്ങോട്ടു വന്നപ്പോൾ stay ചെയ്ത സ്ഥലങ്ങളിലൊക്കെ stay ചെയ്താണ് return യാത്ര പ്ലാൻ ചെയ്‌തത്‌. ലഡാക്കിലേക്കുള്ള യാത്രയിൽ രാത്രിയിൽ യാത്ര ചെയ്ത പാതകളൊക്കെയും തിരിച്ചു പകൽ യാത്ര ചെയ്തു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര. യാത്രയിൽ ഞങ്ങൾ Rohtang pass എത്തിയത് ഉച്ചക്ക് മുൻപായി ഏകദേശം 12 മണിയോടടുപ്പിച്ചാണ്. ഒഴുകി നീങ്ങുന്ന കോട മഞ്ഞിനാൽ മൂടപ്പെട്ടു കിടക്കുകയാണ് ഇവിടം ഇപ്പോൾ. ചില സമയങ്ങളിൽ 2-3 മീറ്റർ കഴിഞ്ഞുള്ള കാഴ്ചകൾ പോലും കാണാൻ സാധിക്കാത്ത വിധം കോടമഞ്ഞു നിറയുന്നു. വളരെ മനോഹരമായ ഒരു അനുഭൂതി തന്നെയാണ് ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും. ധാരാളം വാഹനങ്ങൾ സഞ്ചാരികളുമായി Rohtang pass എത്തിച്ചേർന്നിട്ടുണ്ട്. 1 മണിക്കൂറോളം അവിടെ ചിലവഴിച്ചശേഷം ഏകദേശം 4 മണിയോട് കൂടി ഞങ്ങൾ തിരിച്ചു മണാലിയിൽ എത്തിച്ചേർന്നു. 1520 കിലോമീറ്റർ പിന്നിട്ട ബൈക്ക് യാത്രയാണ് കഴിഞ്ഞത്. തുടർന്ന് ഒരു volvo ബസിൽ ഡൽഹിയിലേക്കും അവിടെനിന്നും നേരത്തെ book ചെയ്തിരുന്ന flight ൽ Trivandrum യാത്രയും തുടർന്നു. Adventure ട്രിപ്പിന്റെ എല്ലാ സൗന്ദര്യവും thrill ഉം പൂർണ്ണമായും ആസ്വദിച്ചുകൊണ്ടുള്ള ലഡാക്കിലേക്കുള്ള Bike യാത്ര പൂർത്തിയാക്കി ഞങ്ങൾ തിരിച്ചെത്തി. ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു യാത്ര.

Acute Mountain Sickness അഥവാ High altitude ഇൽ യാത്ര ചെയ്യുമ്പോൾ വരാൻ സാധ്യതയുള്ള അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ യാത്ര തുടങ്ങുന്നതിനു 2 ദിവസം മുൻപ് മുതൽ യാത്രയിലുടനീളം Preventative Medicines കഴിച്ചതുകൊണ്ട് ആർക്കും അസുഖമൊന്നും ഉണ്ടായില്ല. Destination നിലെ കാലാവസ്ഥ, സൗകര്യങ്ങൾ, എത്തിച്ചേരാനുള്ള വഴികൾ, യാത്രാമാർഗങ്ങൾ തുടങ്ങിയ ആവുന്നത്ര വിവരങ്ങൾ യാത്രക്ക് മുൻപായി ശേഖരിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ യാത്ര അനായാസമായി പൂർത്തിയാക്കാൻ വളരെയധികം ഉപകരിച്ചു.

Editorial Sources:Azeeb A.k. Author : Azeeb A.k

നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും കടന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്

©സഞ്ചാരി
thumbnail

പൈതല്‍മലയുടെ കുളിരില്‍ ഒരു തണുപ്പൻ യാത്ര

പൈതല്‍മലയുടെ കുളിരില്‍ ഒരു തണുപ്പൻ യാത്ര

പൈതല്‍മലയുടെ കുളിരില്‍ ഒരു തണുപ്പൻ യാത്ര

പൈതല്‍മലയുടെ കുളിരില്‍

Introduction

സഞ്ചാരി Team
കുറെ നാളായി മനസ്സില്‍ കൊണ്ടുനടക്കുന്ന മോഹമായിരുന്നു പൈതല്‍മല. ആ മോഹം സഫലീകരിക്കാനായി. ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരുമണിക്കുള്ള തളിപ്പറമ്പ് ബസില്‍ തൃശൂരില്‍നിന്ന് യാത്ര ആരംഭിച്ചു. കൂട്ടിനായി ആരോടും അനുവാദം ചോദിക്കാതെ മഴയും ഒപ്പമെത്തി. കോഴിക്കോടുവരെ മഴയായതിനാല്‍ ഷട്ടറിനുള്ളില്‍ അടച്ചിരുന്നായിരുന്നു യാത്ര. മഴയത്ത് ഓടിയൊളിക്കുന്ന ആളുകളെ മാത്രം കണ്ടുശീലിച്ച എന്റെ കണ്ണുകള്‍ക്ക് പുതിയ ഒരു കാഴ്ചയായി മഴയത്ത് മൈതാനിയില്‍ ഫുട്ബാള്‍ കളിക്കുന്ന കോഴിക്കോട്ടുകാര്‍. പുസ്തകം ബയന്‍ഡ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന 'കാലിക്കോ' എന്ന പരുത്തിത്തുണി കോഴിക്കോട്ട് തുറമുഖത്തുനിന്ന് ലോകമെമ്പാടും കയറ്റി അയച്ചിരുന്നു. അങ്ങനെയാകാം കോഴിക്കോടിനെ വിദേശികള്‍ 'കാലിക്കറ്റ്' എന്ന പേരുവിളിച്ചത് എന്നാണ് ചില ചിത്രകാരന്മാരുടെ വിലയിരുത്തല്‍. മഴവെള്ളത്തില്‍ ചവിട്ടിയോടി മണ്ണിലും മറ്റും വീണ് തറയിലെ ഓരോ തുള്ളിയും തട്ടിത്തെറിപ്പിച്ച് ഗോളടിക്കുന്ന കളിക്കാരായിരുന്നു കോഴിക്കോട് നഗരം വിടുന്നതുവരെ.

ഒടുവില്‍ 6.30ഓടെ തളിപ്പറമ്പ് ബസിറങ്ങി അവിടെനിന്ന് അടുത്ത ബസില്‍ കറുകച്ചാലില്‍ എത്തി. അല്‍പസമയത്തിനകം എനിക്ക് പോകേണ്ട നൂലിട്ടാമലയിലേക്കുള്ള ബസ് വന്നു. ഞാന്‍ കയറിയ ആ ബസിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതാണ് 'ജനകീയ ബസ്'. ആ നാട്ടിലെ ജനങ്ങളെല്ലാംകൂടി കാശ് പങ്കിട്ട് വാങ്ങിയ ബസ്. വര്‍ഷത്തിലൊരിക്കല്‍ കണക്കെടുപ്പ് നടത്തി എല്ലാവര്‍ക്കും ലാഭവിഹിതം നല്‍കും. അങ്ങനെ ആ ജനകീയ ബസിലെ യാത്ര എന്നെ നൂലിട്ടാമലയില്‍ എത്തിച്ചു. അതായിരുന്നു ആ ബസിന്റെ അവസാനത്തെ സ്റ്റോപ്. എങ്കിലും, അതിനടുത്ത ജങ്ഷനിലായിരുന്നു എനിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയത്. ബസ് ഇറങ്ങിയതും എന്നെ കൂട്ടിക്കൊണ്ടുപോകാന്‍ റിസോര്‍ട്ടിലെ ജീവനക്കാരനായ സിന്‍ജോ കാത്തുനില്‍പുണ്ടായിരുന്നു. അവിടെനിന്ന് ഏകദേശം അഞ്ചു മിനിറ്റിനകം താമസസൗകര്യം ഒരുക്കിയ കോട്ടേജില്‍ എത്തിയപ്പോഴേക്കും തണുത്തുവിറച്ചിരുന്നു. ആ തണുപ്പ് മാറാന്‍ കോട്ടേജിന്റെ മുന്നില്‍ തീകൂട്ടി ഞങ്ങള്‍ കഥകള്‍ പറഞ്ഞ് ഇരുപ്പുറപ്പിച്ചു. ഇവിടെനിന്ന് നോക്കിയാല്‍ തൊട്ടുമുന്നില്‍ കാണുന്നതാണ് പൈതല്‍മല എന്ന് സിന്‍ജോ പറയുമ്പോഴും ആ കാഴ്ചകളെല്ലാം അന്ധകാരത്തിന് കീഴ്പ്പെട്ടിരുന്നു. സായംസന്ധ്യയിലെ ഇളം കുളിരും പൈതല്‍മലയിലെ തണുത്ത കാറ്റും മൂടല്‍മഞ്ഞും ചാറ്റല്‍മഴയും മനസ്സിനെ ആകര്‍ഷിച്ചുകൊണ്ടേയിരുന്നു. അധികം താമസിയാതെ, പിറ്റേന്ന് കാണാന്‍ പോകുന്ന ആ സൗന്ദര്യത്തെ സ്വപ്നംകണ്ട് നിദ്രയില്‍ ആഴ്ന്നു.

പിറ്റേന്ന് നേരം പുലര്‍ന്നു. പറവകള്‍ പറന്നുയര്‍ന്നു. കോട്ടേജിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ചുറ്റുപാടും കണ്ണോടിച്ചു. മലമുകളില്‍ പച്ചക്കൂടാരത്തിനുള്ളിലൂടെ മൂടല്‍മഞ്ഞിന്‍ പാളികളെ തന്റെ കിരണങ്ങളാല്‍ തള്ളിനീക്കാന്‍ സൂര്യന്‍ പാടുപെടുകയാണ്. ഈ നാട് ഇങ്ങനെയായിരിക്കാം. എങ്ങും കാടും മേടും മലയും. ഒപ്പം വിരലിലെണ്ണാന്‍ മാത്രം കൊച്ചുവീടുകള്‍. നേരം പുലരുന്നു എന്നറിയണമെങ്കില്‍ സമയത്തിന്റെ പാത പിന്തുടര്‍ന്നേ മതിയാകൂ. സൂര്യപ്രഭയുടെ നിഴല്‍പോലും കാണാന്‍ കോടമഞ്ഞ് അവസരമൊരുക്കുന്നില്ല. എന്തായാലും ആ മഞ്ഞുവീഴ്ച ആസ്വദിച്ച് ഞാന്‍ താഴെയുള്ള രാമചന്ദ്രന്‍ ചേട്ടന്റെ ചായക്കടയിലേക്ക് നടന്നു.

ഓലമേഞ്ഞ ഒരു പഴയ നാട്ടിന്‍പുറത്തെ ചായക്കട വളരെ നാളുകള്‍ക്കുശേഷമാണ് കണ്ടത്. വീശിയടിക്കുന്ന ചായയും നാടന്‍ ദോശയും ചട്നിയുമൊക്കെ ആസ്വദിച്ച് കഴിച്ചു. ഇതിനിടയില്‍ പഴയകാല സ്മരണകള്‍ ഉണര്‍ത്തി ഒരു റേഡിയോ പെട്ടി പതുക്കെ പാടുന്നുണ്ടായിരുന്നു. അവിടെയുള്ള മുതിര്‍ന്ന ആള്‍ പത്രവായന തുടങ്ങിയതും കൂടെയുള്ളവര്‍ വാര്‍ത്തക്ക് അഭിപ്രായവും പറഞ്ഞുതുടങ്ങി. അന്നത്തെ അവരുടെ വിഷയം നമ്മുടെ പുതിയ ഭരണമായിരുന്നു. ചായക്കടയിലെ ആ നിമിങ്ങള്‍ കുറച്ചുനേരത്തേക്കെങ്കിലും പഴമയിലേക്കുള്ള തിരിച്ചുപോക്കായി. ബാല്യത്തില്‍ മാത്രം കണ്ടുമറന്ന കാഴ്ചകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം കണ്മുന്നില്‍ ഒരു സിനിമ എന്നപോലെ പ്രദര്‍ശിപ്പിക്കുകയായിരുന്നു കാലം. കാലത്തിനൊപ്പം ചുവടുവെച്ച് ഞാനും പ്രപഞ്ചത്തിന്റെ പുതിയതലങ്ങള്‍ തേടി. പൈതല്‍മലയിലേക്കുള്ള യാത്ര ആരംഭിക്കാന്‍ തിരിച്ച് കോട്ടേജിലേക്ക് നടന്നു.

ഭാഗ്യമെന്നുപറയട്ടെ, തിരിച്ചെത്തിയപ്പോഴേക്കും പൈതല്‍മല എനിക്ക് ദര്‍ശനം തന്നു. കോട്ടേജിനു മുന്നില്‍ നിന്നുനോക്കുമ്പോള്‍ അങ്ങുദൂരെ ആനയുടെ മസ്തിഷ്കംപോലെ പൈതല്‍മല തെളിഞ്ഞുകണ്ടു. ഇവിടെനിന്ന് മാത്രമേ ആനയുടെ മസ്തിഷ്കം പോലെയുള്ള പൈതല്‍മലയെ കാണാന്‍ സാധിക്കൂവെന്ന് സിന്‍ജോ പറഞ്ഞു. കോടമഞ്ഞ് മാറിയ ആ വേളയില്‍തന്നെ ഞങ്ങള്‍ പൈതല്‍മലയിലേക്കുള്ള നടത്തം ആരംഭിച്ചു. മല കയറാന്‍ ഞങ്ങള്‍ക്കൊപ്പം ഒരു 10ാം ക്ളാസുകാരനും കൂടി. അതായിരുന്നു അമല്‍. പൈതല്‍മലയിലെ ലോക്കല്‍ ഗൈഡ്. പൈതല്‍മലയെക്കുറിച്ച ഐതിഹ്യങ്ങളും കഥകളും അരച്ചുകലക്കി കുടിച്ച അമല്‍ തന്റെ ജോലി ആരംഭിച്ചു. ദൂരെ കണ്ട കുറച്ച് വീടുകള്‍ ചൂണ്ടിക്കാട്ടി അമല്‍ പറഞ്ഞു; ഇത് ഇവിടുത്തെ കാട്ടുവര്‍ഗക്കാരുടേതാണ്. സാധാരണ നമ്മുടെ കാട്ടുവര്‍ഗക്കാര്‍ ഇരുനിറക്കാരാണെങ്കില്‍ ഇവിടെ നേരെ വിപരീതമാണ്. വെളുത്ത നിറവും അതുപോലെ സൗന്ദര്യം തുളുമ്പി നില്‍ക്കുന്നവരുമാണ് ഇവിടത്തെ കാടിന്റെ മക്കള്‍. ഇവര്‍ കുടകില്‍നിന്ന് ഇവിടേക്ക് ചേക്കേറിയതാണ്.

പണ്ട് കുടകിലെ രാജാവ് പൈതല്‍മലക്ക് മുകളില്‍ ഒരു കൊട്ടാരവും അമ്പലവും സ്ഥാപിച്ചെന്നും ആ കൊട്ടാരത്തിലേക്കുള്ള പ്രാചീന വഴിയിതാണെന്നും കരുതപ്പെടുന്നു. അവിടത്തെ രാജാവിനും പരിവാരങ്ങള്‍ക്കും ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആഹാരം കഴിക്കുന്ന സമയത്ത് എന്തു സംഭവിച്ചാലും അവര്‍ അനങ്ങില്ല. അത് കഴിച്ച ശേഷമേ അവിടെനിന്ന് എഴുന്നേല്‍ക്കൂ. ഇത് മനസ്സിലാക്കിയ കണ്ണൂരിലെ രാജാവ് അവരുടെ ഭക്ഷണസമയത്ത് കൊട്ടാരവും അമ്പലവും ആക്രമിക്കുകയും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഇങ്ങനെ നിരവധി കഥകളാണ് പൈതല്‍മലക്ക് പിന്നില്‍.

കാട്ടുവഴിയിലൂടെയുള്ള മലകയറ്റമായിരുന്നു ആദ്യം. കഥകളൊക്കെ കേട്ട് മലകയറിയത് അറിഞ്ഞതേയില്ല. അതുവരെ ആകാശത്തെ മറച്ചുപിടിച്ചിരുന്ന കാട്ടില്‍നിന്ന് പുറത്തിറങ്ങിയതും അതിസുന്ദരമായ കാഴ്ചകളാണ് കണ്മുന്നില്‍ തെളിഞ്ഞത്. എങ്ങും പച്ചപ്പുല്‍ വിരിച്ച മലനിരകള്‍. ഒന്നിനുപിറകെ ഒന്നൊന്നായി ഓടിക്കളിക്കുന്ന മഞ്ഞുമേഘങ്ങള്‍. ഞങ്ങള്‍ എത്തിയതറിഞ്ഞ് എവിടെനിന്നോ പാഞ്ഞെത്തിയ കുളിരുള്ള കാറ്റ് ആകെ കോരിത്തരിപ്പിച്ചു. തൊട്ടടുത്ത നിമിഷം അവ മഞ്ഞുമേഘങ്ങളെയുംകൊണ്ട് പറന്നു. ആകാശവും മലനിരകളും വീണ്ടും തെളിഞ്ഞു. പ്രകൃതി കനിഞ്ഞുനല്‍കിയ കാടും മലയുമെല്ലാം നനഞ്ഞുനില്‍ക്കുന്നു. മല കയറി തളരുമ്പോള്‍ കാറ്റും മഞ്ഞും വീണ്ടും വന്ന് കൂടുതല്‍ ഉന്മേഷവും ഊര്‍ജവും നല്‍കിക്കൊണ്ടേയിരുന്നു.

കുറച്ചുകൂടി മല കയറിയപ്പോള്‍ എങ്ങും കോടമഞ്ഞ് മാത്രം. ഒപ്പം തണുപ്പിന്റെ കാഠിന്യവും കൂടി. ക്ഷീണമകറ്റാന്‍ പുല്‍മേടുകള്‍ക്കിടയില്‍ അങ്ങിങ്ങായ് ഒറ്റപ്പെട്ട് തണുത്ത് വിറങ്ങലിച്ചുനില്‍ക്കുന്ന മരച്ചുവട്ടില്‍ ചാരിയിരിക്കവെ എന്നില്‍നിന്ന് കിട്ടുന്ന സ്പര്‍ശം ആ മരച്ചില്ലകള്‍ക്ക് അല്‍പം ചൂടുപകരുന്നതായി തോന്നി. മഞ്ഞും മഴയും കാറ്റും ഒക്കെ ആസ്വദിച്ച് ഒടുവില്‍ മലമുകളില്‍ എത്തിപ്പോള്‍ ആദം കണ്ണില്‍ ഉടക്കിത് ഇടിഞ്ഞുപൊടിഞ്ഞുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളായിരുന്നു. ഇതാണ് ആ പഴ കൊട്ടാരം സ്ഥിതിചെയ്തിരുന്ന സ്ഥലമായി കരുതപ്പെടുന്നത്. തൊട്ടടുത്തായി ഒരു കിണറും ശ്രദ്ധില്‍പെട്ടു. മലകയറിയ ക്ഷീണമകറ്റാന്‍ അവിടെയിരുന്നു. അല്‍പം പ്രകൃതികാഴ്ചകള്‍ ആസ്വദിക്കാന്‍ തീരുമാനിച്ചു.

മലമുകളിലെ പ്രകൃതിദത്തമായ ശീതീകരണ സംവിധാനത്തിന് സുഭിക്ഷമായി ലഭിച്ച ഓക്സിജന്‍ കൂടുതല്‍ ഊര്‍ജം പകര്‍ന്നു. അല്‍പം കഴിഞ്ഞ് മൂടല്‍മഞ്ഞ് മാറി ഇളംചൂട് തട്ടി തണുപ്പിന്റെ കാഠിന്യം കുറഞ്ഞപ്പോള്‍ ആ ആകാശവിസ്മൃതിയില്‍ മലഞ്ചെരുകളുടെ ഓരത്ത് കയറി നിന്നു. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആ കുന്നിന്‍ മുകളില്‍നിന്നുള്ള കാഴ്ചകള്‍ വിവരണാതീതമായിരുന്നു. പച്ചവിരിച്ച താഴ്വാരങ്ങള്‍ ഞൊറികളായി താഴേക്ക് പോകുന്നു. എങ്ങും കുന്നും താഴ്വാരങ്ങളും മലമടക്കുകളും മാത്രം. അവക്കിടയിലൂടെ വെള്ളിനുലിഴ ചേര്‍ത്തിട്ടപോലെ ഒലിച്ചിറങ്ങുന്ന അരുവികളും നീര്‍ച്ചാലുകളും ദൂരക്കാഴ്ചക്ക് ഭംഗി കൂട്ടുന്നു.

Editorial Sources: Sabari Varkala. Author : Sabari Varkala

പൈതല്‍മലയുടെ കുളിരില്‍ ഒരു തണുപ്പൻ യാത്ര

© സഞ്ചാരി
thumbnail

കുറഞ്ഞ ചിലവിൽ ഒരു ഹംപി യാത്ര

കുറഞ്ഞ ചിലവിൽ ഒരു ഹംപി യാത്ര

കുറഞ്ഞ ചിലവിൽ ഒരു ഹംപി യാത്ര

ഒരു ഹംപി യാത്ര

Introduction

സഞ്ചാരി Team
ഹംപി മറ്റൊരു ലോകമാണ്. ഒരിക്കലും ആഘോഷിക്കാനായി അങ്ങോട്ടു പോകരുത് . ഇന്ത്യൻ സംസ്കാരവും വിജയ നഗര സാമ്രാജ്യവും എന്തായിരുന്നു എന്ന് മനസ്സിൽ നിറഞ്ഞു നിൽക്കും. ഒരുപാട് കാര്യങ്ങൾ ചിന്തയിൽ വരും . കരുനാഗപ്പള്ളിയിൽ നിന്നുമാണ് എന്റെ യാത്ര തുടങ്ങിയത് .എങ്കിലും ഹംപി യാത്ര 2 ദിവസം ബാംഗ്ലൂർ ചിലവഴിച്ചതിനു ശേഷമായിരുന്നു. ബാംഗ്ലൂർ വരെ ഐലന്റ് എക്സ്പ്രെസ്സിൽ 210രൂപയാണ് ലോക്കൽ ടിക്കറ്റ് ചാർജ്.


ഹോസ്പട് റെയിൽവേ സ്റ്റേഷൻ ആണ് ഹംപിയ്ക് അടുത്തുള്ളത്. ബാംഗ്ലൂർ നിന്നും ആന്ധ്ര വഴി വീണ്ടും കർണാടകയിൽ കയറിയാണ് ഹോസ്പറ്റിൽ എത്തുന്നത് .5 മണിക് എടുക്കുന്ന ട്രെയിൻ പുലർച്ച 4 മണിക് സ്റ്റേഷനിൽ എത്തും. റസ്റ്റ് റൂം ഒന്നും സ്റ്റേഷനിൽ ഇല്ല, ഫ്ളറ്റ്ഫോം ആണ് ശരണം . രാവിലെ 6 മണി മുതൽ ബസ് സർവീസ് തുടങ്ങും ,13 രൂപയാണ് ടിക്കറ്റ് ചാർജ്. ഓട്ടോറിക്ഷകാരുടെ വലയിൽ വീഴരുത് . റെയിൽവേ സ്റ്റേഷനിൽ നിന്നും 600 mtr അകാലമേയുള്ളു ബസ് സ്റ്റാന്ഡിലേക്.


വടക്കൻ കർണാടക വളരെ പിന്നോട്ടാണ് വികസനത്തിൽ. വേനൽ കാലം ആയതിനാലാകാം വരണ്ടുണങ്ങിയ നാട്ടിൻ പുറങ്ങൾ .കരിമ്പ് കൃഷി പടങ്ങൾ. വ്യത്യസ്തരായ ജനങ്ങൾ എല്ലാം ഒരു പുതിയ ലോകം പോലെ. 30 മിനിറ്റ് ആയപ്പോൾ ഹംപി ബസാർ എത്തി. ബസ് നിർത്തേണ്ട താമസം ഓട്ടോ റിക്ഷകാർ 800 രൂപ തൊട്ടു തുടങ്ങും . അവസാനം 200 രൂപയിൽ ലേലം ഉറപ്പിച്ചു . റിക്ഷ ഓടിക്കൽ മാത്രമല്ല അവർക്കു പോകുന്ന വഴിയിൽ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തരും. മലയാളം അറിയില്ലെങ്കിലും 5 ഭാഷകൾ അറിയാവുന്ന ഒരു ചെറുപ്പക്കാരൻ. അവനറിയാവുന്ന ഇംഗ്ലീഷിലും തമിഴിലുമായി പറഞ്ഞു തരുന്നുണ്ട് . എന്നെ കൂടാതെ 2 പേർ കൂടി ഉണ്ട് ഓട്ടോയിൽ എല്ലാരേയും അവൻ 200 രൂപയ്ക്കു ചക്കിട്ടതാ. ഹംപി ബസാറിൽ തന്നെയാണ് വിരുപക്ഷ ക്ഷേത്രം . 20 km ചുറ്റളവിൽ ആണ് ഹംപി എന്ന വിജയനഗര തലസ്ഥാനം . വിരൂപാക്ഷ ക്ഷേത്രം ഇപ്പോൾ കാണുന്ന വിധം പുതുക്കി പണിഞ്ഞത് കൃഷ്ണദേവരായരുടെ കാലത്താണ്.


എവിടെ നോക്കിയാലും ചരിത്ര അവശേഷിപ്പുകൾ . ഹിന്ദു മതത്തോടൊപ്പം ജൈന മതവും നിലനിന്നിരുന്നതായി മനസിലായി.25 ഓളം വലിയ കെട്ടിട സമുച്ഛയങ്ങൾ ഹംപിയിൽ ഉണ്ട് . ലോട്ടസ് മഹൽ, എലിഫന്റ് സ്റ്റേബിൾ ,മതങ്ക ഹിൽ, നരസിംഹ ക്ഷേത്രം . ഒരു ദിവസം തികച്ചു ആവശ്യം വരില്ല ഹംപി കാണാൻ റിക്ഷയിൽ. ബൈക്ക്‌,സൈക്കിൾ തുടങ്ങിയവ വാടകയ്ക്കു ലഭിക്കും എന്ന് പിന്നീടാണ് കേട്ടത്. എല്ലാം ചുറ്റിത്തിരിഞ്ഞു അവസാനം ഹംപിയുടെ തന്നെ കേന്ദ്ര സ്ഥലമായ വിതല ക്ഷേത്രത്തിനു താഴെ ആയി എത്തി .ഇനി അങ്ങൊട് ഇലക്ട്രിക്ക് കാറിൽ പോകണം. 10 രൂപയാണ് ചാർജ്. പോകുന്ന വാഴിൽ കുറെ തകർന്നു കിടക്കുന്ന നിർമിതികൾ . മലയുടെ മുകളിയായി കാവൽ പുരകൾ . ബസാറുകൾ ഓടകൾ വേറൊരു ലോകം തന്നെ . പ്രധാന ഗോപുരം കടന്നു ചെല്ലുമ്പോൾ ആദ്യം കാണുന്നത് പാറയിൽ ചക്രങ്ങൾ പണിഞ്ഞ ഒരു രഥം. 4 കെട്ടിടങ്ങൾ ആണ് പ്രധാനമായും . ഈ ക്ഷേത്രത്തിൽ ഇപ്പോൾ ബിംപങ്ങളോ പൂജകളോ ഒന്നും ഇല്ല . പ്രധാന ക്ഷേത്രം തകർച്ചയിൽ നിന്നും പുതുക്കി പണിയുന്നു . 2 കെട്ടിടങ്ങളിലായി 56 തൂണുകളോളം സംഗീത സാന്ദ്രമാണ്.

മംഗോളിയൻ,പേർഷ്യൻ , ചൈന എന്നീ രാജ്യങ്ങളിൽ നിന്നും വ്യാപാരത്തിന് ഇവടെ വിദേശികൾ വരാറുള്ളതായി അവിടുത്തെ കൊത്തു പണികളിൽ നിന്നും മനസിലാക്കാൻ സാധിക്കും. ആനയുടെയും കുതിരയുടെയും പാറയിൽ കൊത്തിയ നിരവധി ശില്പങ്ങൾ.2 മണിക്കൂറോളം അവിടെ വിശ്രമിച്ചു വിശപ്പിന്റെ വിളി വന്നു തുടങ്ങി ഇനി ഹംപിയിലേക് പോകാൻ ഒരു ഇടവഴി ഉണ്ട് 4 km ഉണ്ട് ,പക്ഷെ അപ്പോൾ എനിക്ക് ആ 575 പടികൾ ഉള്ള മങ്കി ടെംപിൾ നഷ്ടമാകും. തുംഗഭദ്ര നദി മുറിച്ചു കടന്നാൽ മങ്കി ടെംപിൾ പോകാം എന്നാണ് ഓട്ടോ കാരൻ പറഞ്ഞത്. അതനുസരിച്ചു ഞൻ എല്ലാവരോടും തിരക്കി വിതല യിൽ നിന്നാൽ ആ കുന്ന് കാണാന്കഴിയും അങ്ങനെ വിതല ക്ഷേത്രത്തിനു സമീപത്തായുള്ള കിങ്‌സ് ബാലൻസിനു അടുത് കൂടി നടന്നു ചെന്നുപെട്ടത് തുംഗഭദ്ര നദിക്കരയിൽ . അവിടെ ഒരാൾ കുളിക്കുന്നു .ഒരാൾ കുറച്ചു ആടിനെ മേയ്ക്കുന്ന .ഒരു പ്രായമായ സ്ത്രീ അവിടെ ഇരിപ്പുണ്ട്.ആ അമ്മയോട് വഴി തിരക്കി വേനൽ കാലം ആയോണ്ട് ഞൻ രക്ഷപെട്ടു അല്ലേൽ 13" km ചുറ്റി വേണം അവിടെ എത്താൻ .

വിജയനഗര സാമ്രാജ്യ കാലത്തു പാറകത്തൂണുകളാൽ നിർമിച്ച ഒരു പാലത്തിന്റെ അവശേഷിപ്പുകൾ നിറഞ്ഞു കിടക്കുന്ന വഴി(ഓൾഡ് ബ്രിഡ്ജ്). നീർചാലുപോലെ പല കൈവഴികൾ ആയി അതിനിടയിലൂടെ ഒഴുകുന്ന നദി . പുല്ല് വളർന്നു എന്റെ തലയ്ക്കു മേലെ .അകെ ഒരു പേടി മനസ്സിൽ .വഴി എന്ന് പറയാൻ പറ്റില്ല. തെറ്റൽ ഉള്ള കറുത്ത പാറകൾ. എവിടെ ചെല്ലുമെന്നു അറിയില്ല തിരിഞ്ഞു നടന്നാലോ എന്ന് കൂടി ആലോചിച്ചു . ഒന്ന് രണ്ടു ചെറിയ വീടുകൾ കണ്ടപ്പോൾ ആണ് അകെ ഒരു ആശ്വാസം .1 km കൂടി റോഡിലൂടെ നടന്നപ്പോൾ അമ്പലം എത്തി . 575 പടികൾ കയറണം .4മണി ആയിരുന്നു മുകളിൽ ചെന്ന് ഒരു പായ്ക്കറ്റ് ബിസ്ക്കറ്റും വെള്ളവും ആയിരുന്നു ഉച്ചഭക്ഷണം. ഹോട്ടൽ ഒന്നും ഇല്ല ഓഫ്‌സീസൺ ആയതുകൊണ്ടാകാം. ശക്തമായ കാറ്റു വീശുന്നുണ്ടായിരുന്നു. മനോഹരമായ ഒരു സൺസെറ്റും കണ്ടു മലയിറങ്ങിയപ്പോൾ സമയം 7 മണി . 3 കണ്ണൂർ ഉള്ളവരെ ഇവടെ വെച്ച് പരിചയപെട്ടു. മങ്കി ടെംപിൾ അടുത്തുകൂടി ബസ് എപ്പോളും ഇല്ല. ഹംപി ബസാറിൽ പോയാലേ ബസ് കിട്ടു എന്ന് തിരക്കിയപ്പോൾ അറിഞ്ഞു.

Editorial Sources: Sreelal R Blal . Author : Sreelal R Blal

കുറഞ്ഞ ചിലവിൽ ഒരു ഹംപി യാത്ര

© സഞ്ചാരി
thumbnail

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രം തുങ്നാഥ് ഉത്തരാഗട്ട്

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രം തുങ്നാഥ് ഉത്തരാഗട്ട്

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രം തുങ്നാഥ് ഉത്തരാഗട്ട്

ഉയരത്തിലുള്ള ശിവ ക്ഷേത്രം

Introduction

സഞ്ചാരി Team
Rishikesh-Chamoli പുലർച്ചെ 4മണിക്ക് ബസ് ഉണ്ട്. അവിടെന്ന് ഷെയർ ടാക്സി Gopeshwar വരെ...പിന്നെ ടാക്സി (37km) choptha വരെ. അങ്ങനെ Choptha യില് എത്തി. പുൽമേട് ആണ്Choptha യുടെ പ്രധാന ആകര്ഷണീയത. അവിടെന്നു തുങ്ങ്ഗനാഥ് എത്താൻ 3 കി മി ട്രെക്ക് ആണ്. പോകുന്ന വഴിയില് നടന്നു പോകുന്ന ആളുകളെ കാണാം. മുകളില് എത്തുന്നത് വരെ എന്താണ് അവിടെ എന്നതിനെപ്പറ്റി ഒരു രൂപവും ഉണ്ടായിരുന്നില്ല. പൈൻ മരങ്ങളും പുൽമേടുകളും... മുകളിലേക്ക് കയറും തോറും സ്ഥലത്തിന്റെ ഭംഗി കൂടി കൂടി വന്നു. അങ്ങനെ ഞങ്ങൾ 3 മണിക്കൂർ കൊണ്ട് 3കി മി കയറി. എത്തിയപ്പോൾ നല്ല തണുപ്പ്. പോരാത്തതിന് നല്ല മഴയും.. നീല നിറമുള്ള ഹിമാലയൻ പർവത നിരകൾ. എല്ലാത്തിലുമുപരി മനോഹരമായ ശിവ ക്ഷേത്രവും.

സാധാരണ തുങ്ങ്ഗനാഥില് വരുന്നവർ കാലത്തു വന്ന് വൈകുനേരം ആവുമ്പോഴേക്കും മടങ്ങുകയാണ് പതിവ്. ഞങ്ങൾ അവിടെ സ്റ്റേ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നു. അങ്ങനെ 6 പേര്ക്കും കൂടി കല്ലുകൊണ്ട് നിർമിച്ച ഒരു മുറിയും മുറിയോട് ചേർന്നൊരു കടയും. ചെല്ലുമ്പോൾ തന്നെ കടയുടെ ഒരു അറ്റത് കുറച്ചു വിദേശികൾ ഇരികുനുണ്ടായിരുന്നു അവർ ആരുടെയോ ചുറ്റും കൂടി ഇരിക്കുകയാണെന്ന് മനസിലായി എന്നാൽ പുറത്തു നിന്ന് നോക്കിയാൽ ആർക്കു ചുറ്റും ആണെന്ന് മനസ്സിലായിരുന്നില്ല. ഞങ്ങൾ എത്തി റൂം ൽ സെറ്റ് ആയപ്പോഴേക്കും തുങ്ങ്ഗനാഥ് ലെ ടൂറിസ്റ്റ് എല്ലാവരും പോയിരുന്നു. ചായ കുടിക്കാൻ വേണ്ടി ഞങ്ങള് കടയിലേക്ക് ഇരുന്നു. കട എന്ന് പറയുമ്പോള് ഒരു അടുപ്പുണ്ട്.. നിലത്തു ഇരിക്കണം. മാഗ്ഗി ,ചായ,ദാൽ ചാവൽ കിട്ടും.

പതുകെ കടയുടെ അറ്റത്തു ഇരിക്കുന്ന ആളെ നോക്കി...ആദ്യം കണ്ടത് അവിടെ നിന്നും വരുന്ന പുക മാത്രം ആണ്.... പുകമറ പോയപ്പോൾ ആളെ കണ്ടു "മുടി ജടപിടിപ്പിച്ചു ചില്ലത്തിൽ ഹാഷിഷ് വലിക്കുന്ന സാധു". കടക്കാരനോട് സാധുവിനെ പറ്റി അനേഷിച്ചു. 12കൊല്ലം ആയി മൗനവ്രതത്തിൽ ആണ് ആ സാധു. അവിടെ 1 മാസം ആയിട്ടുണ്ട്. സൂര്യാസ്തമ സമയത്തു സാധു തുങ്ങ്ഗനാഥ് ക്ഷേത്രത്തിൽ പോവുന്നുണ്ടെന്ന് കടക്കാരന് പറഞ്ഞു അറിഞ്ഞു. താമസിക്കുന്ന സ്ഥലത്തു നിന്നും 200m ഉണ്ടാവും ക്ഷേത്രത്തിലേക്കു. ഞങ്ങളും അദ്ദേഹത്തിന്റെ കൂടെ പോവാൻ തീരുമാനിച്ചു. നടക്കുന്ന സമയത്തു രാഹുൽ സാധുവും ആയി സംസാരിച്ചു( ബാക്കി ആർക്കും അപ്പൊള് ഹിന്ദി അറിയില്ല :D ) സാധു തിരിച്ചു ആംഗ്യ ഭാഷയിൽ മറുപടിയും തന്നു. അങ്ങനെ സാധുവിന്റെ കൂടെ ക്ഷേത്ര ദർശനം. മനോഹരമായ ക്ഷേത്രം.1000 കൊല്ലം മുൻപ് പാണ്ഡവർ നിർമിച്ച ക്ഷേത്രമാണ്.12073 അടി ഉയരത്തിൽ.

ദര്ശനം കഴ്ഞ്ഞു ഞങ്ങൾ നിൽകുമ്പോൾ ആണ് സാധു മലയുടെ മുകളിലേക്കു ചൂണ്ടി കാണിക്കുന്നത്. മനസിലാക്കാൻ കുറച്ചു കഷ്ടപെട്ടു്. അവസാനം മനസിലായി സാധു പറയുന്നത് 'Chandrashila ' യെ കുറിച്ചാണ്... രാമൻ രാവണനെ വധിച്ചതിനു ശേഷം ധ്യാനം ചെയ്ത പുണ്യ സ്ഥലം ആണ് ചന്ദ്രശില .തുങ്ങ്ഗനാഥ് നിന്നും മുകളിൽ പിന്നെയും 1.5 കി മി ട്രെക്ക്. സാധുവിന്റെ നിർദേശ പ്രകാരം ഞങ്ങൾ പീറ്റെ ദിവസം സൂര്യോദയം ചന്ദ്രശിലയിൽ കാണാൻ തീരുമാനിച്ചു...

ക്ഷേത്രദർശനം കഴ്ഞ്ഞിനു റൂമിലേക്ക് തിരിച്ചപ്പോള് കണ്ട കാഴ്ച കണ്ടു ഞങ്ങടെ കിളി പോയി...നീല നിറമുള്ള ആകാശം...ആദ്യമായാണ ആകാശത്തു നിന്നു കിരണങ്ങള് വരുന്നത് നേരിട്ട് കാണുന്നത്. റെയ്സ് ഓഫ് ഗോഡ് ! പെട്ടന്ന് ആകാശത്തിന്റെ നിറം മാറി...ആദ്യമായാണ് സൂര്യാസ്തമയം ഇത്രയും അടുത്ത് നേരിട്ടു കാണുന്നത്. ഞങ്ങൾ എല്ലാവരും സ്തബ്ധരായി നിന്നു.

സൂര്യൻ താഴ്ത്തുന്നതിനോടോപ്പം അപ്പുറത്തു ക്ഷേത്രത്തിനു കൃത്യം മുകളിൽ ചന്ദ്രൻ വന്നു. പൂര്ണചന്ദ്രൻ. ഞങ്ങൾ മൊബൈൽ റേഞ്ച് പിടിക്കാനായി നടന്നു...ഇരുട്ടായപ്പോൾ തിരിച്ചു റൂമിൽ വന്നു.... റൂമിൽ തിരിച്ചു വരാൻ പ്രധാന കാരണം തണുപ്പായിരുന്നു. -2 ഡിഗ്രി സെല്ഷ്യസ്സ്ൽ കടയിലെ അടുപ്പത്തെ ചൂടും പിടിച്ചു എല്ലാവരും സാധുവിന്റെ ചുറ്റും ഇരുന്നു...ഹിന്ദിയിൽ സംസാരം ആവശ്യം ഇല്ലാത്തതു കൊണ്ട് സാധു ആയി ആശയവിനിമയം നടത്തുന്നത് താരതമ്യേനെ എളുപ്പം ആയി തോന്നി. ആ തണുപ്പിൽ ഡിന്നർ നു കൂടുതല് സ്വാദ് ആയിരുന്നു. ഭക്ഷണം കഴിച്ചു ഞങ്ങൾ പുറത്തിറങ്ങി. സാധു അകത്തു പുകച്ചുകൊണ്ടിരുന്നു ഞങ്ങൾ പുറത്തു പൂർണ ചന്ദ്രനെ നോക്കിയും.

4 മണിക്കായിരുന്നു alarm വെച്ചിരുന്നത്.4 മണി ആയപ്പോൾ എല്ലാവരും എന്നേറ്റു ട്രെക്കിങ്ങ് തുടങ്ങി. സഹിക്കാനാവാത്ത തണുപ്പു. ഉദയം നഷ്ടപ്പെടാതിരിക്കാന് നല്ല സ്പീഡിൽ നടന്നു. ചുറ്റും ഇരുട്ട് വഴി ഒന്നും കാണാൻ ഇല്ല. തലേദിവസം സാധു ചൂണ്ടി കാണിച് ഏകദേശ ദിശയിൽ നടന്നു. ഒന്നും കാണാത്തതുകൊണ്ട് ആദ്യം പോകുന്ന ഞാൻ ഏറ്റവും മുകളിൽ കാണുന്ന മല ആവും ചന്ദ്രശില എന്നെ വിശ്വാസത്തോടെ കുത്തനെ കയറാൻ തീരുമാനിച്ചു. ആലിപ്പഴം പെയ്തുകൊണ്ടിരിക്കുന്നുണ്ടായിരുന്നു...കയറാൻ തുടങ്ങി കുറച്ചു കഴ്ഞ്ഞു...തണുപ്പു കൂടാൻ തുടങ്ങി ഓക്സിജൻ കുറയാൻ തുടങ്ങി ഒപ്പം സ്പീഡും ....കൂടെ ഉണ്ടായിരുന്ന 2ചങ്ങാതിമാര് പാതി വഴിയിൽ യാത്ര തുടരാനാവാത്ത അവസ്ഥയില് ആയി...അസീൽ ഭായ് ഒര് നിലക്ക് അവരെയും കൂട്ടി നടന്നു. ഞാനും റിജോയും ആദ്യം മുകളിൽ എത്തി.5.15am.എത്തുമ്പോഴേക്കും അവശ നിലയില് ആയിരുന്നു .

ചന്ദ്രശില summit(കൊടുമുടി) ആയിരുന്ന് എത്തിയപ്പോൾ ആണ് അറിഞ്ഞത് !!! ചന്ദ്രശില ൽ 360ഡിഗ്രി വ്യൂ ഹിമാലയം കാണാം. ഏതു ദിശയിൽ നോക്കിയാലും ഹിമാലയൻ പർവതനിരകൾ മാത്രം നമ്മൾ ഏറ്റവും മുകളിൽ ബാക്കി മലകൾ എല്ലാം താഴെ. കാലൊന്നു തെറ്റിയാൽ പൊടി പോലും കിട്ടില്ല. കുറെ നേരം നിന്നിട്ടും സൂര്യനെ കാണാൻ ഇല്ല. അപാര തണുപ്പും കാറ്റും... 6:20 ആയപ്പോൾ സൂര്യൻ ഉദിച്ചുയരാന് തുടങ്ങി...അത്രയ്ക്ക് കഷ്ടപ്പെട്ടു തണുപ്പിലും ഇരുട്ടിലും കയറിയത് വെറുതെ ആയില്ല എന്ന് ആ കാഴ്ച്ച മനസ്സിലാക്കിത്തന്നു. 14000 അടി ഉയരത്തില് summit ൽ നിന്നു സൺറൈസ് വ്യൂ !!! ഒരു onnonara വ്യൂ !! കുറച്ചു കഴിഞ്ഞപ്പോൾ ചന്ദ്രശിലയിലെ ചെറിയ അമ്പലം തുറക്കാൻ പൂജാരി വന്നു... ഞങ്ങളുടെ എല്ലാവരുടെയും കൈയിൽ രക്ഷ എല്ലാം കെട്ടി തന്നു... നല്ല സന്തോഷത്തോടും സംത്രിപ്തിയോടും കൂടി തിരിച്ചു ഇറങ്ങി... ജീവിതത്തില് ഒരിക്കലും മറക്കാനാവാത്ത അസുലഭമായ ഒരു അനുഭൂതിയായിരുന്നു അപ്പോള് ഞങ്ങള്ക്കെല്ലാവര്ക്കും. തുങ്ങ്ഗനാഥില് ഒരു രാത്രിയിലത്തെ താമസവും ചായ, മാഗ്ഗി, ഫുഡ് എല്ലാത്തിനും കൂടി 6 പേര്ക്ക് 1000രൂപയും കൊടുത്തു. സാധുവിനോട് യാത്ര പറഞ്ഞു ഞങ്ങൾ കേദാർനാഥ് ,ബദരീനാഥ് ലക്ഷ്യം ആക്കി സഞ്ചാരം തുടര്ന്നു... Ujwal Bala Photography ഇതിൽ മുഴുവൻ ഞാൻ എന്റെ യാത്രകളിൽ കണ്ട കാഴ്ചകളാണ്. ഇഷ്ടപെടുമെന്നു പ്രതീക്ഷിക്കുന്നു.

Editorial Sources: Ujwal Bala. Author : Ujwal Bala

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവ ക്ഷേത്രം തുങ്നാഥ് ഉത്തരാഗട്ട്

©സഞ്ചാരി

About