നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും കടന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്
സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്
Introduction
സഞ്ചാരി Team
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവാണ് ലഡാക്കിലേക്കു സന്ദർശകർക്ക് പോകാനായി അനുമതിയുള്ളത്. ഒക്ടോബര്‍പകുതിയോടുകൂടി കനത്ത മഞ്ഞ് വീഴ്ച ആരംഭിക്കുകയും റോഡ് ഗതാതയോഗ്യമല്ലാതാകുകയും ചെയ്യും. Delhi വരെ ഫ്ലൈറ്റിൽ പോകാനും അവിടെ നിന്നും മണാലി വരെ ടാക്സിയിൽ പോകാനും മണാലിയിൽ നിന്നും ബൈക്ക് rent നു എടുത്തു അവിടെ നിന്നും ലഡാക്കിലെക്കുള്ള യാത്ര ബൈക്കിൽ പോകാമെന്നും തീരുമാനിച്ചു . വളരെ adventurous ആയ റൈഡ് ആയതുകൊണ്ട് പുതിയ ബൈക്ക് കിട്ടാനായി മണാലിയിലുള്ള കുറെ ബൈക്ക് റെന്റൽ ഷോപ്പ് കളുടെ നമ്പർ സെർച്ച് ചെയ്തു അവരെ കോണ്ടാക്ട് ചെയ്തു ഞങ്ങൾ എത്തുന്ന സമയവും മറ്റും ഷെയർ ചെയ്തു. ബൈക്ക് നേരിട്ട് കണ്ടതിനു ഷേശം ഡീൽ ഉറപ്പിക്കാമെന്ന ധാരണയിലുമെത്തി.
കുറഞ്ഞത് 6 - 7 ദിവസമെങ്കിലും മണാലിയിൽ നിന്നും ലഡാക് വരെ ബൈക്കിൽ പോയിവരുന്നതിനു വേണ്ടി വരുമെന്നുള്ളതുകൊണ്ടു നമ്മൾ 7 ദിവസത്തെ ബൈക്ക് ട്രാവൽ ആണ് പ്ലാൻ ചെയ്തത്. മണ്ണിടിച്ചിലും മഞ്ഞിടിച്ചിലും കാരണം പലപ്പോഴും റോഡിൽ ഗതാഗത തടസം ഉണ്ടാവാൻ സാധ്യതയുള്ളത് കണക്കിലെടുത്തു ഒന്നോ രണ്ടോ ദിവസം അധികം ഇട്ടുവേണം ട്രാവൽ പ്ലാൻ ചെയ്യാൻ എന്ന് നേരത്തെ തന്നെ ഞങ്ങൾ ഓൺലൈൻ ബ്ലോഗ് കളിൽനിന്നും മനസിലാക്കിയിരുന്നു. വിശദമായ ഒരു ട്രാവൽ പ്ലാൻ ഉണ്ടാക്കി. എല്ലാം കൂടെ 9 ഡേയ്സ് പ്ലാൻ.
Delhi വരെ പോകുന്നതിനും അവിടെ നിന്നും തിരിച്ചു Trivandrum വരെ വരുന്നതിനുമുള്ള ഫ്ലൈറ്റ് ടിക്കറ്റ് ആദ്യമേ ബുക്ക് ചെയ്തു. ഞങ്ങൾ 6 പേർ അടങ്ങുന്ന ഗ്രൂപ്പിനു വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
2016 ഓഗസ്റ്റ് 19. യാത്ര പുറപ്പെടാനുള്ള ദിവസമെത്തി. എല്ലാവരും അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം പാക്ക് ചെയ്തു Trivandrum എയർപോർട്ടിൽ ഒത്തുകൂടി. ഫ്ലൈറ്റ് ഓൺടൈമിൽ തന്നെ ഡൽഹിയിലെത്തി. അതിരാവിലെയാണ് ഡൽഹിയിൽ എത്തിയത്. അവിടെനിന്നും പ്രഭാത ഭക്ഷണമൊക്കെ കഴിച്ചു ഞങ്ങൾ ഒരു ടാക്സിയിൽ മണാലിയിലേക്കുള്ള യാത്ര തുടർന്നു. ഡൽഹിയിൽ നിന്നും മണാലി വരെ 580 കിലോമീറ്റർ ദൂരമുണ്ട്. കുറഞ്ഞത് 12 മുതൽ 14 മണിക്കൂർ വരെ നീണ്ട യാത്രയാണ് ഡൽഹിയിൽ നിന്നും മണാലിയിലേക്കു. പോകുന്ന വഴിക്കുള്ള നല്ലൊരു പഞ്ചാബി ധാബയിൽ നിന്നും പഞ്ചാബി സ്പെഷ്യൽ വിഭവങ്ങൾ കഴിച്ചു. ഏകദേശം 9 മണിയോട് കൂടി ഞങ്ങൾ മണാലിയിൽ എത്തി. നല്ല തണുപ്പുണ്ട്. ടൗണിൽ തന്നെ നല്ലൊരു ഹോട്ടൽ താമസത്തിനായി കണ്ടുപിടിച്ചു. എല്ലാവർക്കും യാത്രക്ഷീണമുള്ളതുകൊണ്ടു പെട്ടെന്നുതന്നെ വിശ്രമത്തിനായി പോയി.
എല്ലാവർക്കും രാവിലെതന്നെ എഴുന്നേറ്റു യാത്ര തുടങ്ങാനുള്ള തയാറെടുപ്പിലാണ്. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു നേരെ ബൈക്ക് റെന്റൽ ഷോപ്പുകളിലേക്കു പോയി. 6 പേർക്ക് യാത്രചെയ്യാനായി 3 ബുള്ളറ്റ് ആണ് വേണ്ടിയിരുന്നത്. അധികം പഴക്കമില്ലാത്ത ബൈക്കുകൾ മാത്രമേ റൈഡിനു എടുക്കാവൂ എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. 2-3 ഷോപ്പുകളിൽ പോയപ്പോൾ തന്നെ നമുക്കിഷ്ടപ്പെട്ട ബുള്ളറ്റ് കിട്ടി.എല്ലാം പുതിയ ബൈക്കകൾ. പഴക്കം ഒരു മാസത്തിനുള്ളിൽ മാത്രം. ഡീൽ ഉറപ്പിച്ചതിനു ശേഷം നേരെ ഒരു മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ബുള്ളറ്റ് എല്ലാം കാണിച്ചു പാർട്സ് എല്ലാം കണ്ടിഷൻ ആണെന്നുറപ്പുവരുത്തി. 3 ബൈക്കിനും വേണ്ട അത്യാവശ്യ spare parts ബൈക്ക് rental ഷോപ് തന്നെ നമുക്ക് തരും. എങ്ങനെയാണ് അത് ഉപഗോഗിക്കേണ്ടത് എന്നും പറഞ്ഞുതന്നു. ലഡാക്കിലേക്കു പോകാനുള്ള സന്ദർശന പാസ്സും ബൈക്ക് റെന്റൽ ഷോപ്പ് തന്നെ നമുക്ക് ശെരിയാക്കിത്തന്നു. എല്ലാ ബൈക്കിനും പുറകിൽ രണ്ടു വശങ്ങളിലുമായി luggage carrier ഉണ്ട്. നമ്മുടെ luggage bag എല്ലാം ഭദ്രമായി നല്ല കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ കവർ ചെയ്തു luggage carrier ൽ നന്നായി വച്ചുകെട്ടി. ചെളിയും കല്ലും നിറഞ്ഞ ഒരുപാട് off road ഉള്ളതുകൊണ്ട് luggage bag നന്നായി കവർ ചെയ്യുകയും കെട്ടിവയ്ക്കുകയും വേണം.
മണാലിയിൽ നിന്നും ലഡാക് വരെ 475കിലോമീറ്റർ ദൂരമുണ്ട്. പകുതിയിലധികവും off റോഡുകളാണ്. മണാലിയിൽ നിന്നും 115 കിലോമീറ്റർ കഴിഞ്ഞുള്ള കീലോങ് എന്നുള്ള സ്ഥലം എത്തുന്നതിനു മുൻപുള്ള പെട്രോൾ സ്റ്റേഷൻ കഴിഞ്ഞാൽ പിന്നെ അടുത്ത പെട്രോൾ സ്റ്റേഷൻ 360 കിലോമീറ്റർ കഴിഞ്ഞേ ഉള്ളു. അതുകൊണ്ടു ഞങ്ങൾ മണാലിയിൽ നിന്ന് തന്നെ എല്ലാ ബുള്ളെറ്റിലും ഫുൾ ടാങ്ക് പെട്രോൾ നിറക്കുകയും അഡിഷണൽ ക്യാനുകളിൽ പെട്രോൾ വാങ്ങി ഓരോ ബൈക്കിലും സ്റ്റോക്ക് ചെയ്യുകയും ചെയ്തു.
മണാലിയിൽ നിന്നും ഉച്ചക്ക് മുൻപേ യാത്ര തുടങ്ങി 115 കിലോമീറ്റർ കഴിഞ്ഞുള്ള കീലോങ് എന്നുള്ള സ്ഥലത്തു വൈകുന്നേരത്തോടു കൂടി എത്തി അന്നത്തെ താമസസ്ഥലം കണ്ടെത്താനായിരുന്നു നമ്മുടെ പ്ലാൻ. പക്ഷേ പോകുന്ന വഴിക്കുള്ള Rohtang pass എത്തുന്നതിനുമുമ്പേ മണ്ണിടിച്ചിൽ കാരണം ട്രാഫിക് ബ്ലോക്ക് ആണെന്നറിഞ്ഞതുകൊണ്ടു നമ്മൾ യാത്ര വൈകിപ്പിച്ചു. മണാലിയിൽ തന്നെയുള്ള അതിപുരാതന കാലത്തു നിർമ്മിച്ച Hidimba Devi Temple (built in the year 1553) സന്ദർശിക്കാനായി പുറപ്പെട്ടു. cedar forest നാൽ ചുറ്റപ്പെട്ട structure ൽ ധാരാളം പ്രത്യേകതകൾ നിറഞ്ഞ Hidimba Devi Temple ളിൽ ഞങ്ങൾ എത്തി. ഒരുപാട് സന്ദർശകർ അവിടെ ഉണ്ടായിരുന്നു. കുറച്ചു സമയത്തിനുശേഷം മണാലിയിൽ തിരിച്ചെത്തിയ ഞങ്ങൾ അവിടെ ഉണ്ടായിരുന്ന Himachal Pradesh Tourism Development Corporation ന്റെ ഓഫീസിൽ എത്തി കീലോങ്ങിൽ ഉള്ള അവരുടെ ഹോട്ടൽ Chandrabhaga യിൽ റൂം ബുക്ക് ചെയ്തു. കുറച്ചുനേരം മണാലി സിറ്റിയിലൂടെ കറങ്ങി നടന്നു. ധാരാളം ടൂറിസ്റ്റുകളാലും കച്ചവടക്കാരാലും നിറഞ്ഞ സിറ്റി.
ഏകദേശം 5 മണിയോട് കൂടി യാത്ര ആരംഭിച്ചു. എല്ലാവർക്കും എന്തെന്നില്ലാത്ത സന്തോഷവും ആവേശവും. 15 കിലോമീറ്റെർ കഴിഞ്ഞപ്പോൾ പോലീസ് ചെക്‌പോസ്റ്റ്. നമ്മുടെ പാസ്സ് അവിടെ കാണിച്ചപ്പോൾ പോകാൻ അനുവദിച്ചു. പോകുന്ന വഴിയിൽ ഒരുപാട് ചരക്കു ലോറികൾ. വലിയൊരു ട്രാഫിക് ബ്ലോക്ക് മാറിയതല്ലേ ഉള്ളു. ഇടുങ്ങിയ റോഡുകളിലൂടെ വർടേക്കിങ് ബുദ്ധിമുട്ടാണ്. പക്ഷേ എല്ലാ ലോറികളും കുറച്ചു വീതിയുള്ള പാതകൾ എത്തുമ്പോൾ നമുക്ക് കയറിപോകാനുള്ള അവസരം തന്നു. ഇടുങ്ങിയപാതകൾ ആയതുകൊണ്ട് തന്നെ വളരെ പതുക്കെയേ പോകാൻ പറ്റൂ. മാത്രവുമല്ല റോഡ് പല സ്ഥലങ്ങളിലും തകർന്നുകിടക്കുകയുമാണ്. നേരം ഇരുട്ടി വരുന്നു. തണുപ്പും കൂടി വരുന്നു. മലകൾ കയറിക്കൊണ്ടേയിരിക്കുന്നു. മണാലിയിൽ നിന്നും ഏകദേശം 50 കിലോമീറ്റെർ അകലെയുള്ള Rohtang pass എത്താറായി. സമയം ഏകദേശം 7 മണി കഴിഞ്ഞപ്പോൾ നമ്മൾ Rohtang pass എത്തിക്കാണും. 13058 feet ഉയരത്തിൽ ആണ് നമ്മൾ ഇപ്പോൾ. നല്ല മഞ്ഞും തണുപ്പും ആണ് ഇപ്പോൾ ഇവിടെ. മഞ്ഞു മൂടിയ വളരെ മനോഹരമായ ഒരു പർവ്വതമാണ് Rohtang pass. Jab We Met എന്ന ഹിന്ദി ചിത്രത്തിലെ Yeh Ishq Hai എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ആദ്യ ഭാഗം ചിത്രീകരിച്ചിരിക്കുന്നത് Rohtang pass ലാണ്. Rohtang pass കഴിഞ്ഞപ്പോൾ റോഡ് മോശമായി തുടങ്ങി. ചെളി നിറഞ്ഞ റോഡിൽ പല സ്ഥലത്തും ബൈക്കിൽ പുറകിൽ ഇരിക്കുന്നവർ ഇറങ്ങി നടക്കേണ്ടിവന്നു. ഏകദേശം 8 മണിയോടുകൂടി ഞങ്ങൾ Gramphu എന്ന സ്ഥലത്തു എത്തി. അവിടെ പോലീസ് ചെക്ക് പോസ്റ്റ് ഉണ്ട്.
ലോറികൾ എല്ലാം ചെക്ക് പോസ്റ്റിൽ നിർത്തിയിരിക്കുന്നു. അവിടെ കുറച്ചു ഹോട്ടലുകൾ ഉണ്ട്. ഇനി ഭക്ഷണത്തിനായി കീലോങ്ങിൽ മാത്രമേ നല്ല ഹോട്ടലുകളും കടകളും ഉള്ളു. ഞങ്ങൾ അവിടെയുള്ള ഒരു ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. തണുപ്പിൽ നിന്നും കുറച്ചൊരു ആശ്വാസവും കിട്ടി. ഭക്ഷണത്തിനുശേഷം യാത്ര തുടർന്നു. കീലോങ് എത്താൻ ഇനിയും 50 കിലോമീറ്റെറിൽ കൂടുതൽ യാത്ര ചെയ്യേണ്ടതുണ്ട്. യാത്ര തുടങ്ങാറായപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. 3 ബൈക്കിന്റെയും spare പാർട്സ് ഒരുമിച്ചാണ് ഒരു ബൈക്കിൽ കെട്ടിവച്ചിരുന്നത്. അത് നഷ്ടപ്പെട്ടിരിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ എങ്ങനെയോ കെട്ടഴിഞ്ഞു അത് നഷ്ടപ്പെട്ടതാണ്. എന്തായാലും തിരിച്ചു പോയി നോക്കുന്നത് പ്രായോഗികമല്ല. അതിപ്പോൾ തന്നെ ചെളിയിൽ പുതഞ്ഞുപോയിട്ടുണ്ടാകും. ഞങ്ങൾ മുന്നോട്ടു തന്നെ പോയി. ഏകദേശം 11 മണി കഴിഞ്ഞപ്പോൾ കീലോങിൽ ഉള്ള ഹോട്ടൽ Chandrabhaga യിൽ എത്തി. എല്ലാവരും തണുത്തു വിറച്ചിരിക്കുന്നു. 6 പേർക്ക് കിടക്കാൻ സൗകര്യമുള്ള നല്ല ഒരു വലിയ റൂം തന്നെ നമുക്കനുവദിച്ചു. എല്ലാപേരും luggage bag ഉം എടുത്തു റൂമിലേക്ക് പോയി. ഫസ്റ്റ് ഡേ റൈഡ് തന്നെ വളരെ exciting ആയ ഒരനുഭവമായിരുന്നു. വിശ്രമത്തിനായി ഞങ്ങൾ ബെഡിലേക്കു പോയി.
രാവിലെ calling ബെൽ കേട്ടാണ് ഉണർന്നത്. Bed Coffee കൊണ്ടുവന്നതാണ്. ചെറിയ തണുപ്പും ജനല്പാളികൾക്കിടയിലൂടെയുള്ള വെളിച്ചവും മുറിയിലേക്കു കയറുന്നുണ്ട്. മഞ്ഞുമൂടിക്കിടക്കുന്ന മലകൾക്കിടയിലുള്ള കീലോങ് എന്ന സ്ഥലം അതിന്റെ മനോഹാരിത നമുക്ക് കാണിച്ചു തരുന്നു. ഞങ്ങൾ യാത്ര തുടരാനായി തയാറായി. Luggage bag ബൈക്കിൽ നന്നായി വച്ചുകെട്ടി. പ്രഭാതഭക്ഷണത്തിനായി ഒരു ചെറിയ restaurant കണ്ടുപിടിച്ചു ഭക്ഷണം കഴിച്ചു. അവിടെയുള്ള ഒരു spare parts ഷോപ്പിൽ ചെന്നു തലേദിവസം കളഞ്ഞുപോയ spare പാർട്സ് കിറ്റിന്റെ ലിസ്റ്റ് കാണിച്ചു അതെല്ലാം വാങ്ങിച്ചു.നന്നായി തന്നെ അത് ബൈക്കിൽ വച്ച് കെട്ടി. സമയം ഏകദേശം 11 മണിയായി. യാത്ര തുടർന്നു . ഇന്ന് ലഡാക്കിൽ എത്തിച്ചേരുക എന്നുള്ളത് ദുഷ്കരമാണ്. അതുകൊണ്ടു ഇന്നത്തെ നമ്മുടെ ലക്ഷ്യസ്ഥാനം കീലോങിൽ നിന്നും 184 കിലോമീറ്റർ അകലെയുള്ള Pang എന്ന സ്ഥലത്താക്കി. മലനിരകൾക്കിടയിലൂടെയുള്ള ബൈക്ക് റൈഡ് ആസ്വദിച്ചു ഞങ്ങൾ മുന്നോട്ടു പോയി. ഇടയ്ക്കിടയ്ക്ക് മലകളിൽനിന്നുള്ള വെള്ളം റോഡ് മുറിച്ചു കടക്കുന്നുണ്ട്. ബൈക്ക് എല്ലാം ഈ ഒഴുകുന്നവെള്ളച്ചാലുകൾ മുറിച്ചു കടക്കേണ്ടതുണ്ട്. നല്ല തണുത്ത വെള്ളമാണ് ഒഴുകുന്നത്. ചിലസ്ഥലങ്ങളിൽ ഒഴുക്കിനു ചെറിയ ശക്തിയുണ്ട്. ഇന്ന് നമ്മുടെ യാത്ര കടന്നുപോകുന്ന പ്രധാന പ്രധാന സ്ഥലങ്ങൾ Jispa – Darcha – Zingzingbar – Baralacha La – Bharatpur – Sarchu – Gata Loops – Nakee La – Lachulung La ആണ്. ഇവിടെയൊക്കെ ഞങ്ങൾ 5 -10 മിനിറ്റ് ഒരു ബ്രേക്ക് എടുക്കും. പല സ്ഥലങ്ങളിലും ഇരുമ്പു ബ്രിഡ്ജിൽകൂടെ ഞങ്ങൾ കടന്നുപോയി. ഒരുപാടു ടൂറിസ്റ്റുകൾ ചെറിയ കൂട്ടമായും വലിയ കൂട്ടമായും അങ്ങോട്ടും ഇങ്ങോട്ടും ബൈക്കിൽ യാത്ര ചെയ്യുന്നുണ്ട്. കടന്നുപോകുമ്പോൾ എല്ലാവരും പരസ്‌പരം അങ്ങോട്ടും ഇങ്ങോട്ടും കൈ വീശികാണിച്ചു യാത്രക്കുള്ള പ്രോത്സാഹനം നൽകുന്നുണ്ട്. നല്ല പാതകളുടെയും ദുഷ്കരം പിടിച്ച പാതകളുടെയും ഒരു സമ്മിശ്രമായിരുന്നു Pang ലേക്കുള്ള യാത്ര. നേരം ഇരുട്ടി വരുന്നു. തണുത്ത കാറ്റും നന്നായി വീശുന്നുണ്ട്. Nakee La – Lachulung La മലകളിലൂടെയുള്ള യാത്ര നന്നായി ആസ്വദിച്ചു ഏകദേശം 7 മണിയോട് കൂടി ഞങ്ങൾ 15280 feet ഉയരത്തിലുള്ള Pang എന്ന കൊച്ചു ഗ്രാമത്തിൽ എത്തി. ഒരുപാട് ടെൻഡുകൾ സഞ്ചാരികൾക്കായി തയാറാക്കിയിട്ടുണ്ട് അവിടെ. കാഴ്ചയിൽ ടെൻഡുകൾ എല്ലാം ഒരുപോലെ തന്നെയാണ്. ഒരു ടെൻഡിൽ ഞങ്ങൾ കയറി. തണുത്തുവിറച്ചിരിക്കുന്ന ഞങ്ങൾ അവിടെ ചൂടാക്കി വച്ചിരിക്കുന്ന ഇരുമ്പു പാട്ടകൾക്ക് ചുറ്റും ഇരുന്നു. ടെന്റിന്റെ ഉടമ നമുക്കാവശ്യമുള്ള ഭക്ഷണം പാകം ചെയ്തു തന്നു. നല്ല കട്ടിയുള്ള ബ്ലാങ്കറ്റും ബെഡും നമുക്ക് അവിടെനിന്നും കിട്ടി. ഭക്ഷണത്തിനുശേഷം ഞങ്ങൾ വിശ്രമത്തിലേക്കു പോയി.
അടുത്തദിവസം രാവിലെതന്നെ ഞങ്ങൾ ഉണർന്നു യാത്രക്കായി തയാറായി. മലനിരകൾക്കിടയിലുള്ള Pang എന്ന കൊച്ചു ഗ്രാമത്തിന് ഒരു പ്രത്യേക സൗന്ദര്യം തന്നെയായിരുന്നു. ഇനി Ladhakh എത്തുന്നതുവരെ മനോഹരമായ പാതകളിലൂടെയാണ് യാത്രചെയ്യാനുള്ളതെന്നു അറിയാൻ കഴിഞ്ഞു. ഏകദേശം 175 കിലോമീറ്റർ യാത്ര ചെയ്തുവേണം Leh യിൽ എത്താൻ. പ്രഭാത ഭക്ഷണത്തിനുശേഷം യാത്ര തുടർന്നു. ഇതുവരെയും കാണാത്ത പാതകളിലൂടെയാണ് ഞങ്ങൾ യാത്ര ചെയ്തത്. മലനിരകൾക്കിടയിലൂടെ നോക്കെത്താദൂരത്തേക്കു നീലാകാശവും അതിലെ മേഘക്കൂട്ടങ്ങളും കണ്ടുള്ള യാത്ര. ഇത്രയും മനോഹരമായ പാതകളിലൂടെയുള്ള യാത്ര തികച്ചും ഒരു സ്വർഗീയാനുഭൂതി തന്നെയാണ്. കണ്ണിനും മനസിനും ഒരുപോലെ കുളിർമ തന്ന യാത്രയും നിമിഷങ്ങളുമായിരുന്നു അത്. ശെരിക്കും ഭൂമിയിലെ സ്വർഗ്ഗത്തിലൂടെയുള്ള യാത്ര എന്നുതോന്നിയ നിമിഷങ്ങൾ. യാത്രയിൽ നമ്മൾ 17582 feet ഉയരത്തിലുള്ള Taglang La എന്ന മലമുകളിലെത്തി. ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത് ലോകത്തിലെ തന്നെ second highest mountain pass ൽ ആണെന്നുള്ള ബോർഡ് വെച്ചിരിക്കുന്നത് കണ്ടു. ധാരാളം സഞ്ചാരികൾ ആ ബോർഡിന് ചുറ്റും നിന്ന് ഫോട്ടോസ് എടുക്കുന്ന തിരക്കിലാണ്. മനോഹരമായ സ്ഥലം. സമയം 11 മണിയാകുന്നെ ഉള്ളുവെങ്കിലും നല്ല തണുപ്പാണ് ഇപ്പോഴും ഇവിടെ. കുറച്ചു നേരം പ്രകൃതി ഭംഗി ആസ്വദിച്ചു കുറച്ചു ഫോട്ടോസ് എടുത്തതിനു ശേഷം യാത്ര തുടർന്നു. Leh സിറ്റിയിലേക്കുള്ള welcome ബോർഡ് കണ്ടു. റോഡിനോട് ചേർന്ന് മലകൾക്കിടയിലൂടെ ചെറിയ പുഴ ഒഴുകുന്നത് മനോഹരമായ ഒരു കാഴ്ചയാണ്. ഒരുപാട് ദൂരം ഈ പുഴയുടെ തീരത്തുകൂടി ചെയ്തു. 12 മണിയോടുകൂടി ഞങ്ങൾ Leh സിറ്റിയിൽ എത്തി. കുറച്ചുസമയം അവിടെ ചിലവഴിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ഒരു മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ബൈക്ക് കണ്ടിഷൻ ഒന്നുകൂടെ ചെക്ക് ചെയ്തു യാത്ര തുടർന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ പാസ് ആയ KhardungLa top ലേക്കാണ് ഞങ്ങൾ പോകുന്നത്. 40 കിലോമീറ്റർ ദൂരമുണ്ട് അവിടെ എത്താൻ. 30 കിലോമീറ്റർ ദൂരം നല്ല ടാർ ചെയ്ത റോഡ് ആണ്. ശേഷമുള്ള 10 കിലോമീറ്റർ ദൂരം off road ആണ്. മുന്നോട്ടു പോകുന്തോറും ആകാശത്തിലേക്കുള്ള പാതയാണോയിതെന്നു നമുക്ക് തോന്നും. വൈകുന്നേരം ഞങ്ങൾ Khardung La top ൽ എത്തി. 18380 feet ഉയരത്തിലാണ് നമ്മൾ ഇപ്പോൾ.
Highest Motorable road in the world എന്ന ബോർഡ് കണ്ടു. ഇപ്പോൾ temperature 0 degree യിലോ അതിനു താഴേയോ ആണ്. അസഹനീയമായ തണുപ്പാണ് ഇപ്പോൾ . അവിടെ Indian army യുടെ ഒരു ക്യാമ്പ് കണ്ടു. തണുപ്പിൽ നിന്നും ആശ്വാസം കിട്ടുന്നതിനായി ഞങ്ങൾ Army യുടെ ക്യാമ്പിൽ കയറി. കുറച്ചു പട്ടാളക്കാർ അവിടെയുണ്ട്. തണുത്തു വിറച്ചിരിക്കുന്ന നമുക്ക് കുറച്ചു ചൂടുവെള്ളം കുടിക്കാനായി അവർ നൽകി. ഇത്രയും തണുപ്പിലും നമ്മുടെ രാജ്യത്തിനായി കാവൽ നിൽക്കുന്ന ജവാന്മാരോട് എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവും തോന്നിയ നിമിഷമായിരുന്നു അത്. ഓക്സിജൻ കുറവുള്ള സ്ഥലമായതുകൊണ്ടു 20 മിനിറ്റിൽ കൂടുതൽ അവിടെ നിൽക്കുന്നത് ആരോഗ്യത്തിനു ഹാനികരമാണെന്നുള്ള മുന്നറിയിപ്പ് ബോർഡ് കണ്ടു. കുറച്ചു ഫോട്ടോസ് എടുത്തതിനുശേഷം ഞങ്ങൾ അവിടെനിന്നും Khardung എന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു. പിന്നെയും ഒരു ഒരു 10 കിലോമീറ്ററോളം off road ആയതുകൊണ്ട് പതുക്കെയേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. ഏകദേശം 8 മണിയോടുകൂടി നമ്മൾ Khardung എന്ന സ്ഥലത്തെത്തി. ഒരു ചെറിയ ഗ്രാമം. കുറച്ചു താമസസ്ഥലങ്ങൾ സഞ്ചാരികൾക്കായി അവിടെയുണ്ട്. അതിൽ ഒന്നിൽ നമ്മൾ നമ്മൾ അന്ന് സ്റ്റേ ചെയ്തു. അടുത്ത ദിവസത്തെ യാത്രയെക്കുറിച്ചുള്ള ചെറിയ ഒരു പ്ലാൻ ഉണ്ടാക്കി. ഭക്ഷണത്തിനു ശേഷം എല്ലാവരും വിശ്രമത്തിനായി പോയി.
രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര തുടങ്ങാനായി എല്ലാവരും തയാറായി. ഇന്നു ഞങ്ങളുടെ ലക്ഷ്യം Nubra Valley വഴി സഞ്ചരിച്ചു Pangong Tso അഥവാ Pangong Lake സന്ദർശനമാണ്. യാത്ര പോകേണ്ടതു Nubra Valley യിലെ Shyok River ൻറെ തീരത്തുകൂടിയാണ്. ഏതൊരു ബൈക്ക് യാത്രികരും ആഗ്രഹിക്കുന്ന തികച്ചും മനോഹരമായ ഒരു adventour യാത്രയാണ് ഇന്നു നമുക്കുള്ളത്. ഒരുപാട് challenges ഉള്ള ധാരാളം off road കിട്ടുന്ന ഒരു യാത്ര. Shyok River ൻറെ തീരത്തുകൂടിയുള്ള യാത്രയുടെ average altitude 10000 feet ആണ്. മലനിരകൾക്കിടയിലൂടെ ഒഴുകുന്ന Shyok River ന്റെ സൗന്ദര്യo ആസ്വദിച്ചു അതിനോട് ചേർന്നുള്ള പാതയിലൂടെയുള്ള യാത്ര വളരെ മനോരാഹരമാണ്. പല സ്ഥലങ്ങളിലും മലമുകളിൽ നിന്നും ചെറുചാലുകളിലൂടെ വെള്ളം Shyok River ൽ ഒഴുകിയെത്തുന്നുണ്ട്. ഈ വെള്ളച്ചാലുകൾ മുറിച്ചുകടന്നാണ്‌യാത്രചെയ്യേണ്ടത്. പകൽ സമയങ്ങളിൽ മലമുകളിലുള്ള മഞ്ഞുരുകി ചെറുചാലുകളിലെ ഒഴുക്കിനു ശക്തി കൂടുമെന്നും ഈ ചെറുചാലുകളൊക്കെയും ഉച്ചക്കു മുൻപേ cross ചെയ്യണമെന്നും നേരത്തെ മനസിലാക്കിയിരുന്നു. പല സ്ഥലങ്ങളിലും നല്ല ഒഴുക്കുമുണ്ട്. യാത്രക്കിടയിൽ പല സ്ഥലങ്ങളിൽ വെച്ചും വിദേശികളും സ്വദേശികളുമായ ധാരാളം സാഹസിക യാത്രികരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. ഏകദേശം 180 കിലോമീറ്റർ നീണ്ട മനോഹരമായ യാത്രക്കു ശേഷം ഞങ്ങൾ 3 മണിയോടുകൂടി Pangong Lake എത്തി. ധാരാളം സഞ്ചാരികൾ അവിടെ എത്തിയിട്ടുണ്ട്. 3 -idiots സിനിമയുടെ climax ഇവിടെവെച്ചാണ് shoot ചെയ്തിരിക്കുന്നത്. 134 കിലോമീറ്റർ നീളമുള്ള വളരെ മനോഹരമായ ഒരു നദിയാണ് Pangong Lake. ഈ നദിയുടെ 60% ചൈനയിലും 40% ഇന്ത്യയിലുമാണ്. 1 മണിക്കൂറിലേറെ ഞങ്ങൾ അവിടെ ചിലവിട്ടശേഷം 120 കിലോമീറ്റർ അകലെയുള്ള Upsi എന്ന ഗ്രാമത്തിനടുത്തുള്ള Kharu എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്ന് അവിടെ stay ചെയ്യാന് തീരുമാനിച്ചിരിക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ ഉയർന്ന പാസ് ആയ Chang La എന്ന മലയിലൂടെ യാത്ര ചെയ്താണ് നമ്മൾ Kharu എന്ന സ്ഥലത്തെത്തേണ്ടത്. തികച്ചും off road ആയതുകൊണ്ട് വളരെ പതുക്കെയേ യാത്ര ചെയ്യാൻ സാധിക്കുന്നുള്ളു. Chang La യിലെ അപ്പോഴത്തെ temperature -5 degree ആണെന്ന് അറിയാൻ കഴിഞ്ഞു. Chang La യിലെ top എത്തുംതോറും തണുപ്പും വളരെ കൂടിക്കൊണ്ടേയിരിക്കുന്നു. സമയം ഏകദേശം 7 മണിയോളമായി. മഞ്ഞുവീഴ്ചയും കൂടി വരുന്നു. Chang La യിലെ top എത്താറായപ്പോൾ ചെറിയ മഞ്ഞു പാളികൾ നമ്മൾ പോകുന്ന പാതയിൽ വീഴുന്നത്‌കൂടി വന്നു. അസഹനീയമായ തണുപ്പും. എത്രയും പെട്ടെന്നു ഈ മല ഇറങ്ങി താമസസ്ഥലത്തു എത്തിയേ പറ്റൂ. എല്ലാവരും തണുത്തു വിറച്ചിരിക്കുന്നു. ഏകദേശം 9 മണിയായപ്പോൾ ഞങ്ങൾ Chang La cross ചെയ്തു Kharu എന്ന സ്ഥലത്തെത്തി. താമസത്തിനായി നല്ലൊരു ഹോട്ടൽ കണ്ടുപിടിച്ചു.
ഇനിയുള്ളത് മണാലിയിലേക്കു തിരിച്ചുള്ള യാത്രയാണ്. ഇങ്ങോട്ടു വന്നപ്പോൾ stay ചെയ്ത സ്ഥലങ്ങളിലൊക്കെ stay ചെയ്താണ് return യാത്ര പ്ലാൻ ചെയ്‌തത്. ലഡാക്കിലേക്കുള്ള യാത്രയിൽ രാത്രിയിൽ യാത്ര ചെയ്ത പാതകളൊക്കെയും തിരിച്ചു പകൽ യാത്ര ചെയ്തു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്ര. യാത്രയിൽ ഞങ്ങൾ Rohtang pass എത്തിയത് ഉച്ചക്ക് മുൻപായി ഏകദേശം 12 മണിയോടടുപ്പിച്ചാണ്. ഒഴുകി നീങ്ങുന്ന കോട മഞ്ഞിനാൽ മൂടപ്പെട്ടു കിടക്കുകയാണ് ഇവിടം ഇപ്പോൾ. ചില സമയങ്ങളിൽ 2-3 മീറ്റർ കഴിഞ്ഞുള്ള കാഴ്ചകൾ പോലും കാണാൻ സാധിക്കാത്ത വിധം കോടമഞ്ഞു നിറയുന്നു. വളരെ മനോഹരമായ ഒരു അനുഭൂതി തന്നെയാണ് ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും. ധാരാളം വാഹനങ്ങൾ സഞ്ചാരികളുമായി Rohtang pass എത്തിച്ചേർന്നിട്ടുണ്ട്. 1 മണിക്കൂറോളം അവിടെ ചിലവഴിച്ചശേഷം ഏകദേശം 4 മണിയോട് കൂടി ഞങ്ങൾ തിരിച്ചു മണാലിയിൽ എത്തിച്ചേർന്നു. 1520 കിലോമീറ്റർ പിന്നിട്ട ബൈക്ക് യാത്രയാണ് കഴിഞ്ഞത്. തുടർന്ന് ഒരു volvo ബസിൽ ഡൽഹിയിലേക്കും അവിടെനിന്നും നേരത്തെ book ചെയ്തിരുന്ന flight ൽ Trivandrum യാത്രയും തുടർന്നു. Adventure ട്രിപ്പിന്റെ എല്ലാ സൗന്ദര്യവും thrill ഉം പൂർണ്ണമായും ആസ്വദിച്ചുകൊണ്ടുള്ള ലഡാക്കിലേക്കുള്ള Bike യാത്ര പൂർത്തിയാക്കി ഞങ്ങൾ തിരിച്ചെത്തി. ജീവിതത്തിൽ എന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു യാത്ര.
Acute Mountain Sickness അഥവാ High altitude ഇൽ യാത്ര ചെയ്യുമ്പോൾ വരാൻ സാധ്യതയുള്ള അസുഖങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ യാത്ര തുടങ്ങുന്നതിനു 2 ദിവസം മുൻപ് മുതൽ യാത്രയിലുടനീളം Preventative Medicines കഴിച്ചതുകൊണ്ട് ആർക്കും അസുഖമൊന്നും ഉണ്ടായില്ല. Destination നിലെ കാലാവസ്ഥ, സൗകര്യങ്ങൾ, എത്തിച്ചേരാനുള്ള വഴികൾ, യാത്രാമാർഗങ്ങൾ തുടങ്ങിയ ആവുന്നത്ര വിവരങ്ങൾ യാത്രക്ക് മുൻപായി ശേഖരിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ യാത്ര അനായാസമായി പൂർത്തിയാക്കാൻ വളരെയധികം ഉപകരിച്ചു.
Editorial Sources:Azeeb A.k. Author : Azeeb A.k
നീലാകാശവും പച്ചക്കടലും ചുവന്നഭൂമിയും കടന്ന് സഞ്ചാരികളുടെ സ്വപ്‌നഭൂമിയായ ഹിമാലയത്തിലേക്ക്
Tags :
സ്വപ്നഭൂമി
,
ഹിമാലയം
Subscribe by Email
Follow Updates Articles from This Blog via Email





No Comments